പത്തനംതിട്ട:ഇടവപ്പാതി കഴിഞ്ഞിട്ടും പെയ്യാൻ കൂട്ടാക്കാതെ പത്തനംതിട്ടയിൽ മഴ.ഒറ്റപ്പെട്ട മഴ ചില പ്രദേശങ്ങളിൽ കിട്ടുന്നതൊഴിച്ചാൽ പത്തനംതിട്ടയിൽ വേനൽക്കാലത്തിന് തുല്യമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.അതേസമയം ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.
കാലവർഷം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം.
അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.