അഹമ്മദാബാദ്:ബിപാര്‍ജോയി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്തതായി സൂചന.ഇന്നലെ മുതല്‍ ദേവഭൂമി ദ്വാരക, ജാംനഗര്‍, ജുനഗഢ്, പോര്‍ബന്തര്‍, രാജ്കോട്ട് ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.
തീരത്തോട് അടുക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 135 കിലോമീറ്ററാകുമെന്നാണ് റിപ്പോർട്ട്.അരലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സംഘം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കര-വ്യോമ-നാവികസേനാ മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി രക്ഷാദൗത്യം ക്രമീകരിച്ചു.ദേശീയ ദുരന്തനിവാരണ സേനയുടെ 18 സംഘങ്ങളും സംസ്ഥാന ദുരന്തനിവാരണസേനയുടെ 12 സംഘങ്ങളും രക്ഷാദൗത്യത്തില്‍ പങ്കുചേരും. ചീഫ് സെക്രട്ടറിയുമായും സ്റ്റേറ്റ് എമര്‍ജൻസി ഓപ്പറേഷൻ സെന്‍ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ചര്‍ച്ച നടത്തി.