FeatureNEWS

കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്; മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക

നത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്.ഗ്ളാസുകള്‍ നാലും ഉയര്‍ത്തിയിട്ട്, വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ച്, നേരിയ ശബ്ദത്തില്‍ സംഗീതവും ആസ്വദിച്ചുള്ള യാത്ര.അൽപ്പം ലഹരി കൂടി അകത്തുണ്ടെങ്കില്‍ സ്ഥിതി ഒന്നുകൂടി മാറും.നല്ല വേഗം, വഴിയിലെ വെള്ളം ചിന്നിത്തെറിപ്പിച്ച് അങ്ങനെ…
ഇതൊക്കെ പറയുമ്പോള്‍ ഒരു രസമൊക്കെയുണ്ട്.പക്ഷേ, അപകടം അരികിലെത്താന്‍ ഏറെ സമയം വേണ്ട എന്ന് മറക്കരുത്.മഴയൊന്നു പെയ്താല്‍ തകരുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ അധികം. കുഴിയില്ലെന്നു കരുതി വെള്ളത്തിലേക്ക് വണ്ടി കയറ്റുമ്പോള്‍ അവിടെ വമ്പനൊരു ഗട്ടര്‍. ചിലപ്പോള്‍ വണ്ടി വെട്ടിച്ചു മാറ്റുന്നിടത്തായിരിക്കും “കുഴി’ വില്ലന്‍.

മഴക്കാലമായാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബ്രേക്കിന്‍റെ കാര്യത്തിലാണെന്നു വാഹനവുമായി പരിചയിച്ചിട്ടുള്ളവര്‍ പറയും.വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ഡ്രമ്മില്‍ വെള്ളം കയറും.ബ്രേക്കിന്‍റെ ശക്തി കുറയാന്‍ ഇതു മതി. ആദ്യത്തെയോ രണ്ടാമത്തെയോ ചവിട്ടിനു പിന്നെ ബ്രേക്ക് കിട്ടില്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ടായിരിക്കില്ല പലരും ഇങ്ങിനെ ചെയ്യുന്നത്. നനഞ്ഞു കിടക്കുന്ന മിനുസമുള്ള റോഡിലാവട്ടെ “സ്കിഡിങ്’ ആണു പ്രധാന പ്രശ്നം.

ഓയിലിന്‍റെ അംശമൊക്കെയുള്ള റോഡില്‍ മഴ പെയ്യുന്നതോടെ തെന്നല്‍ സാധ്യതയേറും. അമിത സ്പീഡില്‍ വരുന്ന വാഹനങ്ങള്‍ സ്കിഡ് ചെയ്യാന്‍ സാധ്യതയേറെയാണ്.പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.

Signature-ad

വാഹനത്തിന്‍റെ ഇന്‍ഡിക്കേറ്ററുകള്‍ പ്രകാശിക്കുന്നുണ്ടോയെന്ന് മഴക്കാലത്തിനു മുന്‍പു തന്നെ പരിശോധിക്കണം. അതു തെളിഞ്ഞില്ലെങ്കില്‍ പിന്നാലെ പിന്നാലെ വരുന്ന വാഹനം ഇടിക്കാന്‍ സാധ്യതയേറെ.

വെള്ളം കയറിക്കിടക്കുന്ന വഴിയില്‍ക്കൂടി കഴിവതും യാത്ര ഒഴിവാക്കുക. യാത്ര ആരംഭിച്ചാല്‍ വളരെ ശ്രദ്ധിച്ചുപോവുക. പരിചയമില്ലാത്ത റോഡാണെങ്കില്‍ കുഴിയും വഴിയും തിറിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

വാഹനങ്ങള്‍ പാഞ്ഞു പോവുമ്പോള്‍, സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ വെള്ളം തെറിച്ചു വീഴാതിരിക്കാന്‍ വഴിയില്‍ കല്ലെടുത്തു വയ്ക്കുന്നത് വ്യാപകമാണ്. വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.പക്ഷേ, ഡ്രൈവര്‍മാര്‍ വെള്ളം തെറിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബസ് ഡ്രൈവര്‍മാര്‍. നനഞ്ഞിറങ്ങിയ ജനത്തെ കുളിപ്പിച്ചു വിടരുത്.


മഴക്കാലത്ത് മദ്യപാനം വര്‍ദ്ധിക്കുമെന്നാണ് കേരളം നല്‍കുന്ന പാഠം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റമാണെന്നിരിക്കെ അതിനു മുതിരരുത്. തണുപ്പകറ്റാന്‍ “അല്‍പം അകത്താക്കിയവര്‍’ വാഹനം ഓടിക്കരുത്.

മഴക്കാലത്തിനു മുന്‍പു തന്നെ വാഹനത്തിന്‍റെ ടയര്‍, ഇന്‍ഡിക്കേറ്ററുകള്‍, ബ്രേക്ക്, വൈപ്പറുകള്‍, ബാറ്ററി എന്നിവയൊക്കെ കൃത്യമായി പരിശോധിക്കുക.

ഓടുന്ന ബസിലും മറ്റും ചാടിക്കയറുന്നത് ഏതു കാലത്തും അപകടമാണെന്നിരിക്കെ മഴക്കാലത്ത് അതിനെപ്പറ്റി ചിന്തിക്കുക പോലുമരുത്. നനഞ്ഞു കിടക്കുന്ന റോഡില്‍നിന്ന് ഓടുന്ന ബസിലേക്കു ചാടിക്കയറുമ്പോള്‍ വീഴ്ച സംഭവിക്കാം.

ഇരു വശങ്ങളിലും വയല്‍, തോട് എന്നിവയൊക്കെയുള്ള റോഡിലൂടെയാണ് മഴക്കാലത്ത് വാഹനം ഓടിക്കുന്നതെങ്കില്‍ വശങ്ങളിലേക്ക് അധികം ചേര്‍ന്ന് ഓടിക്കരുത്. ചില റോഡുകള്‍ ഇടിഞ്ഞു പോവാന്‍ സാധ്യതയുള്ളവയാണ്.

മഴക്കാലത്ത് അമിത വേഗം ഒഴിവാക്കുക.ട്രാഫിക് നിയമങ്ങള്‍ക്ക് മഴയെന്നോ വെയിലെന്നോയുള്ള വ്യത്യാസമില്ല.നിയമങ്ങള്‍ ഒരിക്കലും തെറ്റിക്കരുത്.

Back to top button
error: