ജയ്പൂർ: റസ്റ്റോറന്റിൽ തല്ലുണ്ടാക്കിയ ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഐഎസ്, ഐപിഎസ് ഓഫിസർമാരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാനിലെ ജയ്പൂർ-അജ്മേർ റോഡിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നത്. ഉന്നത ഉദ്യോഗസ്ഥർ അടിയുണ്ടാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവരെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരും റസ്റ്റോറന്റിലെ ജീവനക്കാരും തമ്മിൽ തല്ലുന്നതും കല്ലെറിയുന്നതുമെല്ലാം ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. അജ്മേർ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ഗിരിധർ, ഐപിഎസ് ഓഫിസർ സുശീൽകുമാർ ബിഷ്ണോയി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പുറമെ, കോൺസ്റ്റബിൾ, രണ്ട് ഉദ്യോഗസ്ഥർ എന്നിവരെയും സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി കൂടുതൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയതായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥർ നടത്തിയ പാർട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റസ്റ്റോറന്റിന് മുന്നിൽ വാഹനങ്ങൾ നിർത്തിയ ഇവർ വാഷ് റും ഉപയോഗിക്കാനായി തുറക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരനെ ഐപിഎസ് ഓഫിസർ മുഖത്തടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് റസ്റ്റോറന്റ് ജീവനക്കാരും തിരിച്ചടിച്ചു. മടങ്ങിപ്പോയ ഉദ്യോഗസ്ഥർ പൊലീസിനെക്കൂട്ടി തിരിച്ചെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. റസ്റ്റോറന്റ് ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. വിജിലൻസ് വിഭാഗമാണ് അന്വേഷിക്കുകയെന്ന് രാജസ്ഥാൻ ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണം ഉദ്യോഗസ്ഥർ നിഷേധിച്ചു.
होटल में मारपीट के मामले में IAS-IPS समेत 8 सस्पेंड : अजमेर में देर रात शराब के नशे में स्टाफ को ,घटना के सीसीटीवी फुटेज आये सामने #AJMERPOLICE #CCTV #RAJASTHAN #RajasthanNews #AshokGehlot #Ajmer pic.twitter.com/a4P3GoGzOh
— Nitesh rathore (@niteshr813) June 14, 2023