കൊച്ചി: മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാദം പൊളിയുന്നു. പ്രിൻസിപ്പൽ അടക്കമുളളവർക്കെതിരെ ആർഷോ പരാതി നൽകുന്നതിന് മൂന്നാഴ്ച മുമ്പ് തന്നെ കോളേജിലെ അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ ഇക്കാര്യം ചർച്ചയായിരുന്നു. കോളേജിലെ അധ്യാപക സംഘടനകൾ തമ്മിലുള്ള പടലപ്പിണക്കവും പിന്നീട് മാർക് ലിസ്റ്റ് വിവാദത്തിന് കാരണമായെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അടക്കമുളളവർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി കള്ളക്കേസെടുത്ത സംഭവത്തിലാണ് പരാതിക്കാരനായ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദം പൊളിയുന്നത്. കോളേജിലെ അധ്യാപകരുടെ വാട്സ്‍ആപ് ഗ്രൂപ്പിൽ കഴിഞ്ഞ മേയ് 12നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരീക്ഷാഫലം തെറ്റായി പ്രസിദ്ധീകരിച്ചിരിച്ചെന്ന് കോൺഗ്രസ് അനൂകൂല സംഘടനയിൽ അംഗമായ അധ്യാപകൻ അറിയിക്കുന്നത്. ഇതേപ്പറ്റി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടിയിലും സംസാരമുണ്ടെന്ന് മറ്റൊരു അധ്യാപകനും അറിയിച്ചിരുന്നു.
എന്നാൽ, ഈ പിഴവ് തിരുത്താൻ കോളേജ് അധികൃതർ തയാറായില്ല. ആർഷോയുടേത് മാത്രമല്ല മറ്റ് വിദ്യാർഥികളുടെ ഫലവും സമാന രീതിയിൽ ഉളളതിനാൽ പിന്നീട് യഥാർത്ഥ മാർക് ലിസ്റ്റ് നൽകുന്പോൾ തിരുത്താമെന്നായിരുന്നു ധാരണ. തോറ്റ വിദ്യാർഥികൾ ജയിച്ചതായി മാത്രമല്ല, ജയിച്ച വിദ്യാർത്ഥികൾ തോറ്റതായും വെബ് സൈറ്റിൽ വന്നിരുന്നു. മേയ് 12ന് ആർഷോയുടെ മാർക് ലിസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾതന്നെ തിരുത്തിയിരുന്നെങ്കിൽ കേസും വിവാദവും ഒഴിവാക്കാമായിരുന്നെന്നാണ് ഇക്കാര്യം അറിയിച്ച അധ്യാപകർ തന്നെ വാട്സ്‍ആപ് ഗ്രൂപ്പിൽ പിന്നീട് പറഞ്ഞത്.
അതായത് തന്നെയും എസ് എഫ് ഐയേയും അപകീർത്തിപ്പെടുത്താൻ പ്രിൻസിപ്പൽ അടക്കമുളളവർ ചേർന്ന് ഗൂഢാലോചന നടത്തിയാണ് വെബ്സൈറ്റിൽ തെറ്റായ പ്രസിദ്ധീകരിച്ചതെന്ന വാദമാണ് പൊളിയുന്നത്. അതായത് ആർഷോ പരാതിപ്പെടുന്നതിന് ആഴ്ചകൾക്കുമുന്നേതന്നെ അധ്യാപക ഗ്രൂപ്പിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം അറിഞ്ഞ് മൂന്നാഴ്ചക്ക് ശേഷം കെ എസ് യു ആരോപണം ഉന്നയിച്ചപ്പോഴാണ് ഗൂഢാലോചനാവാദവുമായി ആർഷോ പരാതി നൽകിയത്.