എൻ.പി മുഹമ്മദ് രചിച്ച ‘എണ്ണപ്പാട’ത്തിന്റെ അവസാന അദ്ധ്യായം അവലംബിച്ച് എ.റ്റി അബു ഒരുക്കിയ ‘മാന്യമഹാജനങ്ങളേ’ റിലീസ് ചെയ്തിട്ട് 38 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
എൻ.പി മുഹമ്മദിന്റെ ‘എണ്ണപ്പാടം’ നോവലിലെ അവസാന അദ്ധ്യായത്തിന്റെ ചലച്ചിത്രാവിഷ്ക്കരമായ ‘മാന്യമഹാജനങ്ങളേ’ എത്തിയിട്ട് 38 വർഷം. സംവിധാനം എ.റ്റി അബു . 1985 ജൂൺ 14 റിലീസ്. പൂവച്ചൽ ഖാദർ- ശ്യാം പാട്ടുകൾ ഹിറ്റായിരുന്നു. ‘കണ്ടില്ലേ കണ്ടില്ലേ,’ ‘അരയന്നക്കിളിയൊന്നെൻ മാനസത്തിൽ’ എന്നീ ഗാനങ്ങൾക്ക് ഇപ്പോഴും ആസ്വാദകരുണ്ട്. സ്വാതന്ത്ര്യം നേടിയെടുക്കാൻ എന്നത് പോലെ അത് പരിരക്ഷിക്കാനും രക്തസാക്ഷികൾ അനിവാര്യമാണെന്ന് ചിത്രം പറഞ്ഞു. ഇലക്ഷനും നന്മതിന്മകളുടെ പോരാട്ടവും ആണ് സിനിമ. നന്മ രക്തസാക്ഷിയായായലും തിന്മയ്ക്കും അതിന്റെ വിധിയുണ്ടെന്നും ചിത്രം പറഞ്ഞു.
അനേകം തൊഴിലാളികൾ പണിയെടുക്കുന്ന പ്ലൈവുഡ് ഫാക്‌ടറിയാണ് പശ്ചാത്തലം. നസീർ അവതരിപ്പിക്കുന്ന നിസാർ അഹമ്മദ് മുതലാളി. മമ്മൂട്ടിയുടെ ദേവൻ എന്ന തൊഴിലാളി നേതാവ്. ടി.ജി രവിയുടെ എതിരാളി. സമരങ്ങൾ ആവശ്യമായവർ ഫാക്‌ടറിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
അങ്ങനെയിരിക്കുമ്പോൾ ഇലക്ഷൻ വന്നു. ഫാക്‌ടറി മുതലാളി നിസാർ അഹമ്മദ് സ്ഥാനാർത്ഥി. ‘പതിനേഴാം വയസ്സിന്റെ പടി കടന്ന്’ എന്ന ഒപ്പനയുമായി കല്യാണം നിശ്ചയിച്ച സുഹ്‌റയും (സബിത ആനന്ദ്) നിസാർ അഹമ്മദും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് എതിരാളികൾ അപവാദം പ്രചരിപ്പിക്കുന്നു. കല്യാണം മുടങ്ങി; സുഹ്‌റ ആത്മഹത്യ ചെയ്‌തു. എന്നിട്ടും ഇലക്ഷനിൽ നിസാർ അഹമ്മദ് ജയിച്ചു. പക്ഷെ വെടിയേറ്റ് രക്തസാക്ഷിയാവാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം; എതിരാളിയായ ടി.ജി രവിയുടെ കഥാപാത്രത്തിനാവട്ടെ ബലാൽക്കാരത്തിനിരയാവുന്നവളുടെ കുത്തേറ്റ് മരിക്കാനും.
എം.ടിയുമായി ചേർന്ന് ‘അറബിപ്പൊന്ന്’ എന്ന നോവൽ എഴുതി സാഹിത്യലോകത്ത് സ്വന്തം വിലാസം ഉണ്ടാക്കിയ എഴുത്തുകാരൻ എൻ.പി മുഹമ്മദ് ചുഴി, മരം, വീരപുത്രൻ എന്നിങ്ങനെ ഏതാനും ചിത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട്. എ.റ്റി അബുവിന്റെ ക്രെഡിറ്റിലും അധികം ചിത്രങ്ങൾ ഇല്ല. ‘ധ്വനി’ ആണ് എടുത്തു പറയേണ്ട ചിത്രം.