പാലക്കാട്: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലായിട്ടും ട്രെയിനിലെ ബോർഡ് തമിഴിലും കന്നടയിലും ഹിന്ദിയിലും !
കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട് വഴി മംഗലാപുരം വരെ പോകുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസിലെ ബോര്‍ഡിലാണ് മലയാളത്തോട് അയിത്തം.ട്രെയിനിന്‍റെ ബോര്‍ഡില്‍ ഇന്‍റര്‍സിറ്റി എന്ന് ഇംഗ്ലീഷിലുണ്ട്. ബാക്കി സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങളെല്ലാം കന്നഡയിലും തമിഴിലും ഹിന്ദിയിലുമാണ്.
ഈ ട്രെയിൻ പുറപ്പെടുന്നത് കോയമ്ബത്തൂരില്‍നിന്നാണ്.ഇവിടം വിട്ടുകഴിഞ്ഞാല്‍ എത്തിച്ചേരുന്ന അവസാന സ്റ്റോപ്പായ മംഗലാപുരം ഒഴികെ എല്ലാ സ്റ്റോപ്പുകളും കേരളത്തിലാണ്. രാവിലെ ആറ് മണിക്ക് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പ് പാലക്കാടാണ്. തുടര്‍ന്ന് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് തുടങ്ങി കേരളത്തിലെ സ്റ്റേഷനുകള്‍ പിന്നിട് മംഗലാപുരം സെൻട്രല്‍ വരെയാണ് 22610 നമ്ബര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.തിരികെയുള്ള സര്‍വീസിലും ഇതേ സ്റ്റോപ്പുകളിലാണ് ട്രെയിൻ നിര്‍ത്തുന്നത്.
രാവിലെയും വൈകിട്ടുമായി ഓഫീസ് സമയത്ത് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനിലെ യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. എന്നാല്‍ ട്രെയിനിന്‍റെ ബോര്‍ഡ് കണ്ടാല്‍ മലയാളികള്‍ വായിക്കരുതെന്ന് നിര്‍ബന്ധമുള്ളതുപോലെയാണ് !