കണ്ണൂര്‍: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന് (24) ആണ് മരിച്ചത്.
ശനിയാഴ്ച അര്‍ധരാത്രിയാണ് മേഘയെ നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം.
2023 ഏപ്രില്‍ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. ഭര്‍ത്താവ്: സച്ചിന് (ഫിറ്റ്നസ് ട്രെയിനര്‍, കതിരൂര്‍). സഹോദരി: മാനസ മനോഹരന് (ലാബ് ടെക്നീഷന്‍, ചൊക്ലി). അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കതിരൂര്‍ പോലീസ് പറഞ്ഞു.