KeralaNEWS

നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം: റിപ്പോർട്ട് തേടി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി. ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരിയാണ് മരിച്ചത്. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്.

ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു. ശ്വാസം മുട്ടിനെ തുടർന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആവിയെടുത്തതായും മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ പതിനൊന്ന് മണിയോടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.

Signature-ad

അതേസമയം, കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തി. മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൻ നാട്ടുകാർ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറഞ്ഞു.

Back to top button
error: