ചെങ്ങന്നൂർ:നമ്മുടെ സമൂഹത്തില്‍ ധാരാളമാളുകള്‍ ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാതെ വലയുന്നുണ്ട്.നമ്മളില്‍ ചിലരെങ്കിലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കി നന്മയുടെ മണിമുത്തുകള്‍ സമൂഹത്തില്‍ വിതറുന്നുമുണ്ട്. കേട്ടിട്ടില്ലേ, ‘അന്നദാനം മഹാദാനം’ എന്ന്. അവരില്‍ ഒരാളാണ് ചെറിയനാട് ചെറുവല്ലൂര്‍ മണത്തറയില്‍ പാസ്റ്റര്‍ എം.എ.ഫിലിപ്പ്.
കൊല്ലകടവ്-വെണ്‍മണി റോഡരികില്‍ ചെറിയനാട് ചെറുവല്ലൂര്‍ മണത്തറയില്‍ പാസ്റ്റര്‍ എം.എ.ഫിലിപ്പിന്റെ വീടിനു മുന്നിലായി ” വിശക്കുന്നവര്‍ക്ക് ഈ വീട്ടില്‍ ആഹാരം ഉണ്ടാകും” എന്നെഴുതിയ ബോര്‍ഡ് സ്ഥാപിതമായത് 5 മാസം മുമ്ബാണ്. ഇതിനോടകം വീടിനു മുന്നിലെ ബോര്‍ഡ് കണ്ട് മണത്തറയില്‍ വീട്ടിലെത്തിയത് നൂറിലേറെ ആളുകളാണ്.
“അസമയത്താണെങ്കിലും ആരെങ്കിലും വിശന്നെത്തിയാല്‍ ആഹാരം തയാറാക്കി നല്‍കാൻ അല്‍പം സമയം വേണമെന്നു മാത്രം. വിശന്നെത്തുന്നവരാരും വെറും വയറോടെ മടങ്ങരുത്. ”-പാസ്റ്റര്‍ ഫിലിപ്പ് പറയുന്നു. കൊടുപ്പുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭാ പാസ്റ്ററായ ഫിലിപ്പ് 4 നിര്‍ധന യുവതികളെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു. 2 പേര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. നിര്‍ധനവിദ്യാര്‍ഥികള്‍ക്കു നഴ്സിങ് പഠനത്തിനും സഹായം നല്‍കുന്നുണ്ട്.