KeralaNEWS

യുവതീ പ്രവേശനവും ആചാരലംഘനവും നടത്തുന്നതിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയെന്ന് മുന്‍ ഡിജിപി ഹേമചന്ദ്രൻ വെളിപ്പെടുത്തിയതായി കെ.സുരേന്ദ്രൻ, ശബരിമല വീണ്ടും വിവാദമാക്കാൻ ബി.ജെ.പി

ശബരിമലയിൽ യുവതീ പ്രവേശനം നടത്തുവാനും ആചാരങ്ങൾ ലംഘിക്കുന്നതിനും നേതൃത്വം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻ ഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിൽ അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും, ഇത് ശബരിമല ക്ഷേത്രത്തേയും വിശ്വാസികളേയും സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഹേമചന്ദ്രന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഈ ഗൂഢാലോചന ഒരു സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.  ഈ ആവശ്യമുന്നയിച്ച് ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Signature-ad

ഇക്കാര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൂടിയേ തീരൂ. 2018ൽ അയ്യപ്പഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ കേരള സർക്കാർ, മനീതി സംഘത്തിന് പമ്പ വരെ എത്താൻ സഹായം ചെയ്തുവെന്ന് മുൻ എഡിജിപി പറഞ്ഞത് ഗൗരവമുള്ളതാണ്. മറ്റ് ഭക്തൻമാർക്ക് നിലയ്ക്കൽ വരെ മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാൻ അനുമതി ലഭിച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ആചാരലംഘനത്തിനായി പൊലീസ് കൂട്ടുനിന്നെന്ന് എഡിജിപി തന്നെ തുറന്ന് പറയുകയാണ്. ശബരിമല തകർക്കാനെത്തിയവർക്കൊപ്പമാണ് മുഖ്യമന്ത്രി നിന്നത്. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭക്തൻമാരെ മതഭ്രാന്തൻമാരാക്കി. ശബരിമല തകർക്കാൻ പിണറായി വിജയൻ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. യുവതികൾ സ്വമേധയാ വന്നതല്ല സർക്കാർ കൊണ്ടുവന്നതാണെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ചു. ഈ വെളിപ്പെടുത്തലുകളിൽ സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

  ‘സോളാർ കേസിൽ ഒത്തുതീർപ്പ് നടന്നെന്ന് ആദ്യമായി പറഞ്ഞത് ബിജെപിയാണ്. ഇപ്പോൾ അത് സി.ദിവാകരനും കോൺഗ്രസ് നേതാക്കളും മുൻ എഡിജിപിയും സമ്മതിച്ചിരിക്കുന്നു. ലാവലിൻ കേസിലും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വി.ഡി സതീശൻ ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് പോയി കോടികൾ പിരിച്ചതും ഒത്തുതീർപ്പാക്കിയതായിരുന്നു. ഇപ്പോൾ അത് വീണ്ടും പിണറായി വിജയൻ എടുത്തിട്ടത് എ.ഐ ക്യാമറ, കെ ഫോൺ തട്ടിപ്പുകൾ ഒത്തുതീർപ്പാക്കാനാണ്.’
സുരേന്ദ്രൻ ആരോപിച്ചു.

Back to top button
error: