മാർത്താണ്ഡം:കാമുകിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.മാര്‍ത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബെര്ജിന് ജോശ്വ (23) ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
മടിച്ചല്‍ സ്വദേശി വിജയകുമാറിന്റെ മകള്‍ ഡാൻ നിഷയെയാണ് (23) ഇയാൾ വെട്ടി പരിക്കേല്‍പ്പിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
മാര്‍ത്താണ്ഡത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കാലം മുതൽ നിഷയും ജോശ്വയും തമ്മില്‍ പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ രണ്ട് മാസത്തിന് മുൻപ് ജോശ്വയുമായുള്ള ബന്ധത്തില്‍നിന്ന് നിഷ പിൻമാറി.ഇതിനെ തുടര്‍ന്ന് ജോശ്വ തന്റെ കൈവശം ഉണ്ടായിരുന്ന നിഷയുടെ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് മാര്‍ത്താണ്ഡത്തിലേക്ക് വിളിച്ചു വരുത്തി അരിവാള്‍ കൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ വന്നപ്പോഴേക്കും ജോശ്വ അവിടെ നിന്ന് കടന്നുകളഞ്ഞു.തുടര്‍ന്ന് വിരികോട് റെയില്‍വേ പാളത്തിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു.നിഷയെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.