KeralaNEWS

നമ്പർ പ്ലേറ്റിലെ സ്‍ക്രൂവിൽ എ.ഐ ക്യാമറയ്ക്ക് ‘വർണ്യത്തിലാശങ്ക,’ സ‍ര്‍വത്ര സാങ്കേതിക തകരാര്‍, അപാകതകളിൽ വട്ടംകറങ്ങി മോട്ടോർ വാഹന വകുപ്പ്

  സംസ്ഥാനത്തെ റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജെന്റ് ക്യാമറ സ്ഥാപിച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. വലിയ സംഭവമായി അവതരിപ്പിക്കപ്പെട്ട പദ്ധതി സാങ്കേതികപ്രശ്‌നങ്ങൾ മൂലം പല പല വെല്ലുവിളികളാണ് നേരിടുന്നതെന്നും ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും അവയെ വിലയിരുത്തി നോട്ടിസ് അയക്കുന്ന എൻ.ഐ.സി സംവിധാനത്തിലും പ്രശ്‌നങ്ങളുണ്ട്.

കഴിഞ്ഞ ദിവസം  കായംകുളം റൂട്ടിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്നു, സീറ്റ്‌ബെൽറ്റ് മറഞ്ഞതോടെ കോട്ടയം മൂലവട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന് എ.ഐ ക്യാമറയുടെ പിഴ നോട്ടീസ് വന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ കാർ ഉടമ ഷൈനോ ഫോട്ടോയുമായി കോട്ടയം ആർ.ടി ഓഫിസിൽ ബന്ധപ്പെട്ടു. ഇവിടെ നിന്നുള്ള നിർദേശത്തെ തുടർന്ന് ആലപ്പുഴ ഓഫിസിൽ ബന്ധപ്പെട്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ പിഴ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Signature-ad

അതോടൊപ്പം നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കുതിച്ചുപായുന്ന ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ളവയെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും, ഉള്ളത് തന്നെ പൊടി പിടിച്ചോ മറ്റോ വ്യക്തമായി കാണാത്ത തരത്തില്‍ ഓടുന്ന നിരവധി വാഹനങ്ങളുണ്ട്.

പ്രധാനമായും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് ലോറികളിലാണ് ഇത്  കാണാൻ കഴിയുന്നത്. നമ്പര്‍ ദൃശ്യമല്ലാത്തതിനാല്‍ എഐ കാമറ  ഇത്തരം വാഹനങ്ങള്‍ക്ക് എങ്ങനെ പിഴയീടാക്കുമെന്നാണ് ഉയരുന്ന ചോദ്യം.

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളിലെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പർ പ്‌ളേറ്റുകൾ വലിയ തലവേദനയാണ് ഉദ്യോഗസ്ഥർക്ക് സൃഷ്‍ടിക്കുന്നത്. ഈ നമ്പർ പ്ലേറ്റുകളിൽ ഒരു സ്‌ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തുന്നത് മോട്ടോർവാഹന വകുപ്പിന് തലവേദനയാകുന്നു. അതുകൊണ്ടുതന്നെ ക്യാമറ കണ്ടെത്തിയ കുറ്റത്തിൽ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകൾ മനപൂർവ്വം ഒഴിവാക്കുകയാണ് അധികൃതർ. ചലാൻ അയച്ച ശേഷം കുടുങ്ങിപ്പോകുമെന്ന പേടി കാരണമാണ് ഉദ്യോഗസ്ഥർ ചലാൻ അയക്കാൻ മടിക്കുന്നത്

എഐ കാമറ ഉപയോഗിച്ചുള്ള പിഴയില്‍ നിന്ന്, 12 വയസില്‍ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരെങ്കില്‍ ഇവരെ ഒഴിവാക്കാനാണ് ധാരണ. വിഐപി വാഹനം, ആംബുലന്‍സ് തുടങ്ങിയവയും പരിശോധനയ്ക്കു ശേഷം ഒഴിവാക്കും. ബാക്കിയുള്ള മുഴുവന്‍ വാഹനങ്ങളും എഐ കാമറയില്‍ പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം ഹെല്‍മെറ്റിന്റെയും സീറ്റ് ബെല്‍റ്റിന്റെയും മറ്റും പേരില്‍ സാധാരണക്കാരെ പിടികൂടാന്‍ അധികൃതര്‍ ഉത്സാഹം കാട്ടുമ്പോള്‍ പ്രത്യക്ഷത്തില്‍ തന്നെ നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങളെ കൃത്യമായി പരിശോധിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. സാധാരണക്കാരന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലൂടെ നിയമങ്ങള്‍ ലംഘിച്ച് തലങ്ങും വിലങ്ങും സര്‍ക്കാര്‍ വാഹനങ്ങളും ഓടുന്നുണ്ടെന്നാണ് ആക്ഷേപം.

സുപ്രീംകോടതി നിരോധിച്ച സണ്‍കൂള്‍ ഫിലിം, കര്‍ട്ടന്‍, വിവിധ തരത്തിലുള്ള നെറ്റുകള്‍ എന്നിവ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളും ഏറെയാണ്. രേഖകള്‍ പോലുമില്ലാത്ത നിരവധി ഔദ്യോഗിക വാഹനങ്ങളുമുണ്ട്. പല കെഎസ്ആര്‍ടിസി ബസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്നതായും വിവരമുണ്ട്

Back to top button
error: