ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ രാജ്യത്ത് പലയിടത്തായി ഒളിപ്പിച്ചു വെച്ചശേഷം ഇവ രഹസ്യമായി മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രണ്ട് പേരും ഏതൊക്കെ രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് ആണ് ഇവരെ പിടികൂടിയത്.
പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷം പ്രവാസികളുടെ താമസ സ്ഥലത്ത് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് ഉദ്യോഗസ്ഥര്‍ റെയ്‍ഡ് നടത്തി. ഹാഷിഷ്, ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലഹരി പദാര്‍ത്ഥമായ മെത്താംഫിറ്റമീന്‍, ഹെറോയിന്‍ എന്നിവയും 11,700 റിയാലും പിടിച്ചെടുത്തു. ലഹരി വസ്‍തുക്കളുടെ വില്‍പനയില്‍ നിന്ന് സമാഹരിച്ച പണമാണിതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സമ്മതിച്ചു. പണം വാങ്ങിയ ശേഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലഹരി വസ്‍തുക്കള്‍ ഒളിപ്പിച്ച് വെയ്ക്കുകയും ഈ സ്ഥലങ്ങളുടെ ജിപിഎസ് വിവരം ഖത്തറിന് പുറത്തുള്ള ഒരും പ്രവാസിയെ അറിയിക്കുകയുമാണ് ചെയ്‍തിരുന്നത്. ഇയാളാണ് പിന്നീട് ലഹരി വസ്‍തുക്കള്‍ ഇവിടെ നിന്ന് എടുത്തുകൊണ്ട് പോകുന്നത്. പിടിയിലായ പ്രവാസികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.