IndiaNEWS

പന്ത്രണ്ട് ഡാമുകളുള്ള ലോകത്തെ ഏക ഹിൽസ്റ്റേഷൻ; പോകാം തമിഴ്നാട്ടിലെ വാൽപ്പാറയിലേക്ക്

വാൽപ്പാറ എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടാകില്ല. സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും വാൽപ്പാറയിൽ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും മലയാളികളാണ്.അതെ, മലയാളികളുടെ യാത്രകളിൽ ഒരു പ്രധാന സ്പോട്ട് ആയി മാറിയിരിക്കുന്നു വാൽപ്പാറ.

 

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്.കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് വാൽപ്പാറയിലേക്കുള്ള ദൂരം.കേരളത്തിൽ നിന്നും സഞ്ചാരികൾക്ക് പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. 1 പാലക്കാട്– പൊള്ളാച്ചി – ആളിയാർ വഴി വാൽപ്പാറ, 2. ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ – വാൽപ്പാറ, 3. മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി വാൽപ്പാറ. ഈ പറഞ്ഞവയിൽ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞെടുക്കുന്നതും മനോഹരവുമായ റൂട്ട് ആണ് ചാലക്കുടി – മലക്കപ്പാറ വഴിയുള്ളത്.ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി, വാഴച്ചാൽ വഴിയാണ് ഇവിടേക്ക് പോകുന്നത്.

Signature-ad

 

വാഴച്ചാൽ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചാൽ പിന്നെ ഘോരവനപ്രദേശം തുടങ്ങുകയായി.പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര അതിമനോഹരവും അതുപോലെ തന്നെ സാഹസികവുമാണ്. കാരണം ഈ റൂട്ടിൽ എല്ലായ്‌പ്പോഴും ആനകൾ ഇറങ്ങാറുണ്ട്. മൃഗങ്ങളുടെ സ്വൈര്യ വിഹാരങ്ങൾക്ക് തടസ്സമാകാതിരിക്കുവാൻ ഇവിടെ രാത്രിയാത്രാ നിരോധനം നിലവിലുണ്ട്. അതുപോലെ തന്നെ ഇപ്പോൾ ഇരുചക്രവാഹനങ്ങളെയും ഇതുവഴി കടത്തിവിടുന്നില്ല.ഇതുവഴി യാത്ര ചെയ്യുകയാണെങ്കിൽ രാവിലെ ചെക്ക്പോസ്റ്റ് തുറക്കുന്ന സമയത്ത് തന്നെ പോകുന്നതാണ് നല്ലത്.

 

കയ്യിൽ മദ്യം, സിഗരറ്റ് എന്നിവ കരുതാതിരിക്കുവാൻ ശ്രദ്ധിക്കുക. പ്ലാസ്റ്റിക്ക് ബോട്ടിലുകളോ മറ്റോ ഉണ്ടെങ്കിൽ അവയുടെ എണ്ണം ചെക്ക്‌പോസ്റ്റിൽ അവർ രേഖപ്പെടുത്തും.കാട് കടന്നു കഴിഞ്ഞുള്ള മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ ഈ എണ്ണം കൃത്യമായി കാണിക്കുകയും വേണം. കാട്ടിൽ പ്ലാസ്റ്റിക് ആരും വലിച്ചെറിയുവാതിരിക്കാനാണ് ഇത്തരമൊരു നടപടി.അതുപോലെ തന്നെ അതിരപ്പിള്ളി കഴിഞ്ഞാൽ പെട്രോൾ പമ്പുള്ളത് വാൽപ്പാറയിലാണെന്നു ഓർമ്മ വേണം.

 

തൃശ്ശൂർ ജില്ല തമിഴ്‌നാടുമായി അതിർത്തി പങ്കുവെയ്ക്കുന്ന പ്രദേശമാണ് മലക്കപ്പാറ. ഇവിടെ കൂടുതലും തേയിലത്തോട്ടങ്ങളാണ് ഉള്ളത്.ഫോട്ടോഗ്രാഫി താല്പര്യമുള്ളവർക്ക് നല്ലൊരു ലൊക്കേഷനാണ് ഈ‌ പ്രദേശം. മലക്കപ്പാറയിൽ നിന്നും ഏകദേശം 30 കിലോമീറ്ററോളമുണ്ട് വാൽപ്പാറയിലേക്ക്.വാൽപ്പാറയിലെ ചിന്നക്കല്ലാർ എന്ന സ്ഥലം ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്.അതിനാൽ സഞ്ചാരികൾ കയ്യിൽ ഒരു കുട കരുതുന്നത് നന്നായിരിക്കും. 12 ഡാമുകളും ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഒരേയൊരു ഹിൽ സ്റ്റേഷൻ എന്ന റെക്കോർഡും വാൽപ്പാറയ്ക്കുണ്ട്.

 

വാൽപ്പാറയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പൊള്ളാച്ചി, പാലക്കാട് വഴി തിരികെപ്പോരാവുന്നതാണ്.ഈ റൂട്ടിലാണ് 40 ഹെയർപിൻ വളവുകളുള്ള പ്രസിദ്ധമായ വാൽപ്പാറ ചുരം.ചുരത്തിലെ പതിമൂന്നാമത്തെ ഹെയർപിൻ വളവിൽ ഒരു കിടിലൻ വ്യൂ പോയിന്റുണ്ട്.ഇവിടെ നിന്നാൽ താഴെ ആളിയാർ ഡാമും റിസർവോയറുമെല്ലാം വളരെ മനോഹരമായി കാണാവുന്നതാണ്.ഇവിടെ നിന്നും കേരളത്തിലേക്ക് കടക്കുവാൻ പൊള്ളാച്ചിയിൽ പോകേണ്ട കാര്യമില്ല. ആനമല – വേട്ടയ്ക്കാരൻപുത്തൂർ വഴി പാലക്കാട് ബോർഡറായ ചെമ്മണാംപതിയിൽ എത്തിച്ചേരാവുന്നതാണ്.പിന്നീട് ഇവിടുന്നു നെന്മാറ – ഗോവിന്ദാപുരം റൂട്ടിൽ കയറി തൃശൂർ ഭാഗത്തേക്ക് യാത്ര തുടരാം.

 

വാൽപ്പാറയിൽ വരുന്നവർക്ക് സന്ദർശിക്കാവുന്ന മറ്റു ചില സ്ഥലങ്ങൾ : ഷോളയാർ ഡാം, ബാലാജി ക്ഷേത്രം, പഞ്ചകുഖ വിനായകർ ക്ഷേത്രം, മങ്കി വെള്ളച്ചാട്ടം, ആളിയാർ ഡാം, ചിന്നക്കല്ലാർ വെള്ളച്ചാട്ടം, നല്ലമുടി പൂഞ്ചോല, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണകേന്ദ്രം.

Back to top button
error: