ന്യൂഡല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തമുണ്ടായ ബലാസോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തല്‍ നടത്തും.
238 പേര് മരിക്കുകയും 900-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡിഷയുടെ നാല് ദ്രുതകര്‍മസേനാ യൂണിറ്റുകളും 15 അഗ്നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടര്‍മാര്‍, 200 പോലീസുകാര്‍, 60 ആംബുലന്‍സുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ചരുക്കുവണ്ടിയും വന്നിടിക്കുകയായിരുന്നു.