പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂരില്‍ ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാര്‍ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും.
ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മേയ് അവസാന വാരത്തില്‍ മലമ്പുഴയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കാട്ടാനകള്‍ ഇറങ്ങിയത്. 12 ഓളം ആനകളുള്ള കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. ഡാമില്‍ നിന്ന് വെള്ളം കുടിക്കാന്‍ എത്തിയതാണ് ആനക്കൂട്ടം.
അതേസമയം, കണ്ണൂര്‍ ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുന്‍പ് ആറളം ഫാമിലെ കാര്‍ഷിക മേഖലയില്‍ അവശനിലയില്‍ കണ്ട കുട്ടിയാനയാണ് ഇന്നലെ വൈകിട്ടോടെ ഫാം മൂന്നാം ബ്ലോക്കില്‍ ചെരിഞ്ഞത്. ആറളം ഫാം കാര്‍ഷിക മേഖലയിലെ ബ്ലോക്ക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച്ച മുന്‍പ് അവശതയില്‍ കുട്ടിയാനയെ കാണുന്നത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു.