മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മുടിചൂടാമന്നൻ ശരത് പവാർ യുപിഎ ചെയർപേഴ്സൺ അയേക്കും എന്ന് റിപ്പോർട്ട്. സോണിയാഗാന്ധി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു എന്നാണ് വിവരം.
കുറച്ചുകാലമായി സോണിയ ഗാന്ധി ഇക്കാര്യം അടുപ്പമുള്ളവരോട് പറയുന്നു. കടുത്ത ആരോഗ്യപ്രശ്നമാണ് സോണിയ ഗാന്ധി നേരിടുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കും. കോൺഗ്രസ് അധ്യക്ഷൻ ആകാൻ രാഹുൽ ഗാന്ധി ഇതുവരെ സമ്മതം മൂളിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
എന്നാൽ ഇത്തവണ പൂർണ റിട്ടയർമെന്റ് ആണ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ യുപിഎ ചെയർപേഴ്സൺ സ്ഥാനവും സോണിയ ഗാന്ധി ഒഴിയുകയാണെന്ന് തന്നെയാണ് വിവരം.
മറ്റു പാർട്ടികളുമായി രമ്യത യുള്ള ഒരു മുതിർന്ന നേതാവിനെയാണ് യുപിഎ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയവരുമായൊക്കെ ചർച്ച നടത്തേണ്ടി വരുന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിയെ പോലെ താരതമ്യേന ചെറുപ്പക്കാരനായ ഒരാൾക്ക് എത്രത്തോളം യുപിഎ ചെയർപേഴ്സൺ സ്ഥാനം കൊണ്ടുനടക്കാൻ ആകുമെന്ന് നേതാക്കൾക്ക് സംശയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശരത് പവാറിന്റെ പേര് ഉയർന്നുവരുന്നത്.
മിക്കവാറും എല്ലാ പാർട്ടി നേതാക്കളുമായും അടുത്ത ബന്ധമാണ് മുതിർന്ന നേതാവായ ശരത് പവാറിനുള്ളത്. മഹാരാഷ്ട്രയിൽ എൻസിപി -ശിവസേന -കോൺഗ്രസ് സഖ്യത്തിന് ചുക്കാൻ പിടിച്ചത് ശരത്പവാർ ആണ്. ശരത് പവർ ടെലിഫോണിൽ വിളിച്ചാൽ ഏതു നേതാവിനെയും കിട്ടും എന്നുള്ളത് ഒരു പ്രത്യേകതയാണ്.
പ്രധാനമന്ത്രിയും പവാറും തമ്മിലുള്ള ബന്ധവും ചെറുതല്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷ – ഭരണപക്ഷ പ്രശ്നങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾക്ക് ശരത് പവാറിന് സാധിക്കും.
തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം ആണെങ്കിലും യുപിഎ ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിന് ഒരു അലങ്കാരം തന്നെയായിരുന്നു. ആ പദം വിട്ടുകൊടുക്കുമ്പോൾ പ്രതിപക്ഷ കക്ഷികളിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്കോ മൂന്നാംസ്ഥാനത്തേക്കോ പോകും എന്ന ഭയം കോൺഗ്രസിനുള്ളിൽ ചിലർക്കുണ്ട്. ഇത് അവർ ഉന്നയിക്കുന്നുണ്ട്.
സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വ പ്രശ്നം ഉന്നയിച്ചാണ് പവാർ എൻസിപി രൂപീകരിച്ച് കോൺഗ്രസ് വിട്ടത്. ഇപ്പോഴിതാ സോണിയാഗാന്ധി ഒഴിയുന്ന പോസ്റ്റിലേക്ക് ശരത് പവാർ കടന്നുവരുന്നു. ചരിത്രത്തിലെ യാദൃശ്ചികത അല്ലാതെന്തു പറയാൻ.