KeralaNEWS

ഇടംവലം നോക്കാതെ മണിക്കുട്ടന്‍ ചവിട്ടിവിട്ടു; ആന്‍ മരിയ രണ്ടരമണിക്കൂര്‍കൊണ്ട് കൊച്ചിയില്‍

കൊച്ചി: 17 വയസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തപ്പോള്‍ ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്ക് കേരളം ഒരിക്കല്‍കൂടി സാക്ഷ്യം വഹിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആന്‍ മരിയ ജോയിയെ കട്ടപ്പനയില്‍നിന്ന് രണ്ടുമണിക്കൂര്‍ 39 മിനിറ്റുകൊണ്ട് എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചതോടെയാണ് ആംബുലന്‍സിന് വഴിയൊരുക്കാന്‍ നാടൊന്നാകെ മുന്നിട്ടിറങ്ങിയത്.

എല്ലാവരും സഹായിച്ചതിനാലാണ് ഇത്രവേഗം കുട്ടിയെ എറണാകുളത്ത് എത്തിക്കാനായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കട്ടപ്പന സ്വദേശിയായ മണിക്കുട്ടന്‍ പറഞ്ഞു. വരുന്നവഴിക്ക് കാഞ്ഞാറില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. അതിവേഗം തന്നെ ഇത് പരിഹരിക്കാനായി. പോലീസുകാര്‍, ആംബുലന്‍സ് ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ വഴിയൊരുക്കി തന്നുവെന്നും മണിക്കുട്ടന്‍ പ്രതികരിച്ചു.

Signature-ad

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് രാവിലെ 11.40 ഓടെയാണ് ആന്‍ മരിയയുമായി ഗഘ 06 ഒ 9844 എന്ന നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സ് പുറപ്പെട്ടത്. ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അതിവേഗം പിന്നിട്ട ആംബുന്‍സ് ഉച്ചയ്ക്ക് രണ്ടുമണിയോടെ എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ചേരുകയായിരുന്നു. കട്ടപ്പനയില്‍നിന്ന് എറണാകുളം വരെയുള്ള 133 കിലോമീറ്റര്‍ ദൂരം രണ്ടുമണിക്കൂര്‍ 39 മിനിറ്റുകൊണ്ടാണ് ആംബുലന്‍സ് പിന്നിട്ടത്.

കട്ടപ്പന പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കവെയാണ് ആന്‍ മരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ആന്‍ മരിയയുമായി ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.

Back to top button
error: