ചെന്നൈ : തമിഴ്നാട് തിരുനെല്‍വേലിയില്‍ അമ്മായിയമ്മയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ 27 കാരി അറസ്റ്റില്‍. മരുമകളായ മഹാലക്ഷ്മിയാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച സീതപാല്പനല്ലൂരിനടുത്തുള്ള വടുകനപ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷണ്മുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി (58)യാണ് കൊല്ലപ്പെട്ടത്.
സംഭവദിവസം രാവിലെ ആണ്‍വേഷത്തില്‍ വീട്ടിലെത്തിയ മഹാലക്ഷ്മി ഉറങ്ങിക്കിടക്കുകയായിരുന്ന സീതാരാമലക്ഷ്മിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ മാല കവര്‍ന്നെടുത്തശേഷം മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു.
സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് മഹാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.സീതാരാമലക്ഷ്മിയുടെ മകൻ രാമസാമി മഹാലക്ഷ്മിയെ വിവാഹം ചെയ്തത് മുതല്‍ ഇവര്‍ അമ്മായിയമ്മയുമായി സ്ഥിരം വാക്കുതര്ക്കങ്ങളില് ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
വഴക്ക് ഒഴിവാക്കാൻ രാമസാമി മഹാലക്ഷ്മിയേയും കൂട്ടി മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയായിരുന്നു.എന്നാൽ പത്ത് ദിവസം മുൻപ് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസിനെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ് പ്രതി സ്വര്‍ണ മാല എടുത്തുകൊണ്ട് പോയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഹെല്‍മറ്റ് ധരിച്ച് പുരുഷ വേഷത്തില്‍ മഹാലക്ഷ്മി വീട്ടിലേയ്ക്ക് കയറുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി റിമാൻഡ് ചെയ്തു.