മലപ്പുറം: ഹണിട്രാപ്പില്‍പ്പെട്ട തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ (58) അരും കൊലചെയ്തത് പ്രതി ഫര്‍ഹാന (18) ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നല്കാന് തയ്യാറാകാത്തതിന് പിന്നാലെയെന്ന് പ്രതികളുടെ മൊഴി. ഫോണിലൂടെ ഫര്‍ഹാനയുമായി സിദ്ദിഖ് ബന്ധം സൂക്ഷിച്ചിരുന്നു. ലൈംഗിക വിഷയത്തിലടക്കം ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു. കാമുകന് ഷിബിലിയുടെ (22) നിര്‍ദേശ പ്രകാരമായിരുന്നു ഫര്‍ഹാന പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തിരുന്ന ഫര്‍ഹാനയേയും ഷിബിലിയേയും ഇന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
സിദ്ദിഖുമായി ലൈംഗിക ബന്ധത്തിനു നില്‍ക്കാതെ ഹോട്ടലില്‍ എത്തി അഞ്ചു ലക്ഷം രൂപ വാങ്ങിച്ചു മുങ്ങാനായിരുന്നു പ്രതികളുടെ നീക്കം. ഇത് നടന്നില്ലെങ്കില്‍ അക്രമിക്കാനാണ് ചുറ്റിക ഉള്‍പ്പെടെ ആയുധങ്ങള്‍ കരുതിയിരുന്നത്. കാര്യം കഴിഞ്ഞാല്‍ പണം നല്‍കാമെന്ന രീതിയില്‍ സംസാരം വന്നപ്പോഴാണു സംഭവം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പ്രതികള്‍ പോലീസിനു നല്കിയ മൊഴി. പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചു.
ഫര്‍ഹാനയും മറ്റു പ്രതികളായ ഷിബിലിയും ആശിഖും സ്ഥിരമായ എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. ലഹരി ഉപയോഗവും പ്രതികള്‍ക്കു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമായാണു പോലീസ് കാണുന്നത്. കൊല ചെയ്ത ശേഷം വസ്ത്രങ്ങളും, കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം അന്നു പുലര്‍ച്ചെവരെ അവിടെ കാറിലിരുന്നു പ്രതികള്‍ എംഡിഎംഎ ഉപയോഗിച്ചു. അന്ന് ഉപയോഗിച്ച എംഡിഎംഎ വാങ്ങിച്ചത് നേരത്തെ സിദ്ദിഖിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണത്തില്‍ നിന്നാണ്.
ഫര്‍ഹാനക്കു 18 വയസ് പൂത്തിയായത് കൊല ചെയ്യുന്ന ദിവസത്തിന്റെ എട്ടു ദിവസം മുന്‍പാണ്. എട്ടു ദിവസം മുമ്പാണു കൊലപാതകം നടന്നിരുന്നെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുകയും കുട്ടികളുടെ ദുര്‍ഗുണ പാഠശാലയിലേക്കു മാറ്റുകയും ചെയ്യുമായിരുന്നുവെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സിദ്ദിഖിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ആദ്യ രണ്ടു ദിവസം ഇരുട്ടില്‍ തപ്പിയ പോലീസിന് ഒരു തുമ്പ് കിട്ടിയതോടെ അതില്പിടിച്ചു കയറുകയായിരുന്നു. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോട് നിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഭ്യമായ വിവരങ്ങള്‍ക്കു പിന്നാലെ പോകുകയായിരുന്നു. ഇതോടെയാണു കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദീഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടി.വി വിശദമായി പരിശോധിച്ചു. ഇതോടെ പ്രതികള്‍ റൂമില്‍ കയറുന്നതും ഇറങ്ങുന്നതുമെല്ലാം വ്യക്തമായി. തുടര്‍ന്നാണു രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യവും ശ്രദ്ധയില്‍പ്പെട്ടത്. റൂമില്‍ സിദ്ദിഖ് കയറുന്ന ദൃശ്യം ഉണ്ടെങ്കിലും റൂമില്‍നിന്നും പുറത്തിറങ്ങുന്നതും കാണാന്‍ സാധിച്ചില്ല. തുടര്‍ന്നു വിശദമായി പരിശോധന നടത്തിയപ്പോഴാണ് പിന്നീട് പ്രതികള്‍ ട്രോളിബാഗ് തളളി ക്കൊണ്ടുവരുന്നതു കണ്ടത്. ഇതോടെ പോലീസിന് ഏകദേശരൂപം ലഭിച്ചു.
ഉടന്‍ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ഇവര്‍ നാട്ടിലില്ലെന്നു മനസ്സിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതോടെയാണു പ്രതികള്‍ ചെന്നൈയിലുണ്ടെന്ന വിവരം പിറ്റേന്ന് പുലര്‍ച്ചയോടെ അറിയുന്നത്. ഉടന്‍ രാവിലെ എട്ടിനു ചെന്നൈ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും പ്രതികളുടെ ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തു. ഷിബിലി ജോലി ആവശ്യാര്‍ഥം ആസമിലേക്കു പോകുന്നുണ്ടെന്ന വിവരം ഇവരുടെ വീട്ടുകാരില്‍നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ചെന്നെ റെയിവേ പോലീസിനു വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇവര്‍ ചെന്നെ റെയില്‍വേ സ്റ്റേഷനിലെത്തുകയും റെയില്‍വേ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
പ്രതികളിലേക്കുള്ള ഒരോ തെളിവുകള്‍ സസൂക്ഷ്മം കൈാര്യം ചെയ്താണ് പോലീസ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. 90 ദിവസത്തിനുള്ളില്‍തന്നെ വിദശമായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണു പോലീസ്. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കിയാണു പ്രതികള്‍ ട്രോളി ബാഗിലാക്കിയിരുന്നത്. കാലുകള്‍ രണ്ടു കഷ്ണങ്ങളാക്കി ഒരു ബാഗിലും മറ്റു ഭാഗങ്ങള്‍ ഒരു കഷ്ണമായി മറ്റൊരു ബാഗിലും നിറക്കുകയായിരുന്നു.