IndiaNEWS

മോദിക്ക് കേരളത്തോട് അടങ്ങാത്ത പക:എം ബി രാജേഷ്

തിരുവനന്തപുരം: മോദിക്ക് കേരളത്തോടുള്ളത് അടങ്ങാത്ത പകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്‌.
കേന്ദ്രം തന്നെ സമ്മതിച്ച കേരളത്തിന്റെ ഈ വര്‍ഷത്തെ വായ്പാപരിധി ഒരു വിശദീകരണവും നല്‍കാതെ, ഒരു ഒറ്റവരി കത്തിലൂടെ നേര്‍പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍! എന്തും ചെയ്യാൻ മടിയില്ലാത്ത, രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പമല്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ ശത്രുക്കളായി കണക്കാക്കുന്നവരാണ് മോദി സര്‍ക്കാരെന്ന് ഇതിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ നാല്‍പതിനായിരം കോടിയോളം രൂപയുടെ ഭീമമായ വെട്ടിക്കുറവിന് ശേഷം ഈ വര്‍ഷം കേന്ദ്രം തന്നെ സമ്മതിച്ചതാണ് കേരളത്തിന് 32,442 കോടി രൂപ വായ്പയെടുക്കാമെന്നത്. പാര്‍ലമെന്റ് പാസാക്കിയ ധന ഉത്തരവാദിത്ത നിയമമനുസരിച്ച്‌ ജിഎസ്ഡിപിയുടെ 3%വരെ വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശമനുസരിച്ചാണ് ഇത്രയും തുക വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നത്. അതില്‍ നിന്നാണ് ഇന്നലത്തെ കത്തിലൂടെ ഒറ്റയടിക്ക് 17,052 കോടി രൂപാ വെട്ടിക്കുറച്ചത്.ചരിത്രത്തിലാദ്യമായാണ് ഇത്രയധികം തുക വെട്ടിക്കുറയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ടുവന്ന സംസ്ഥാനത്തിന്റ സാമ്ബത്തികനിലയെ അതിഗുരുതര പ്രതിസന്ധിയിലേക്ക് വീണ്ടും തള്ളിവിട്ടാണ് കേന്ദ്രത്തിന്റെ ഈ കടുംവെട്ട്’. മോദി സര്‍ക്കാരിന്റെ കുടില ലക്ഷ്യം ഇതുതന്നെയാണ്. കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരത്തോളം കോടി രൂപ വെട്ടിക്കുറച്ചിട്ടും കേരളം പിടിച്ചുനില്‍ക്കുക മാത്രമല്ല, അതിജീവിക്കുകയും ചെയ്തു. കേരളം ശ്രീലങ്കയാകുമെന്നും കടക്കെണിയില്‍ അകപ്പെടുമെന്നും ശമ്ബളം മുടങ്ങുമെന്നും പെൻഷൻ കിട്ടാതാകുമെന്നും പ്രതീക്ഷിച്ച്‌ കാത്തിരുന്ന മോദി സര്‍ക്കാരിനും ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ക്കും ആ അതിജീവനം ചെറിയ പ്രകോപനമല്ല ഉണ്ടാക്കിയത്. അത് അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ അതിജീവിക്കാൻ കേരളത്തെ സമ്മതിക്കില്ല, നശിപ്പിച്ചേ അടങ്ങൂ എന്ന പ്രതികാരമനോഭാവമാണ് ഇന്നലത്തെ നടപടിയില്‍ കാണുന്നത്.

 

Signature-ad

ജിഎസ്ഡിപിയുടെ അനുവദനീയ പരിധിയായ 3% പോലും കേരളത്തിന് അനുവദിക്കാതിരിക്കുകയും, അതുവെറും 1.5%മായി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍ എടുക്കുന്ന വായ്പയോ? ജി ഡി പിയുടെ 5.2%. കേരളത്തിന് കടമെടുപ്പിന് നിയന്ത്രണം നിശ്ചയിക്കുന്ന മോദി ഗവണ്‍മെന്റിന്റെ മൊത്തം വായ്പാത്തുക 155.80 ലക്ഷം കോടി രൂപ !! അതായത് ദേശീയ വരുമാനത്തിന്റെ 57.2%. കേരളത്തിന്റേതോ 38% മാത്രം.

 

കേരളത്തേക്കാള്‍ 19% വായ്പാ അനുപാതം കൂടുതലുള്ള മോദി സര്‍ക്കാരാണ് കേരളത്തിന് പരിധി നിശ്ചയിക്കുന്നത്. കേരളം കിഫ്ബിയിലൂടെ ബോണ്ടിറക്കി വായ്പയെടുക്കുന്നതിനെ തടയുന്ന കേന്ദ്രം, ദേശീയപാതാ ഇൻഫ്രാട്രസ്റ്റ് എന്ന കമ്ബനിയിലൂടെ അതേ ബോണ്ടിറക്കി ആയിരക്കണക്കിന് കോടിയുടെ വായ്പയെടുക്കുന്നു. കേന്ദ്രത്തിനാവാം, കേരളത്തിന് പാടില്ല. കാരണവര്‍ക്ക് അടുപ്പിലുമാകാം എന്നതാണ് ന്യായം. ഞങ്ങള്‍ക്കൊപ്പമല്ലെങ്കില്‍ തുലച്ചുകളയും എന്ന ഭീഷണിയുടെ മനോഭാവം. വായ്പയുടെ കാര്യത്തില്‍ മാത്രമല്ല, കേരളത്തിന് അര്‍ഹമായ നികുതിവിഹിതം അനുവദിക്കുന്നതിലും ഈ ശത്രുതയും വിവേചനവും കാണാം. കേരളത്തിന്റെ നികുതി വിഹിതത്തിന്റെ ഇരട്ടിയാണ് കേരളത്തേക്കള്‍ ജനസംഖ്യ കുറവായ ബിജെപി ഭരിക്കുന്ന അസമിന് കൊടുക്കുന്നത്. അത്ര പച്ചയായാണ്,മറയില്ലാതെയാണ് രാഷ്ട്രീയ ശത്രുത നടപ്പിലാക്കുന്നത്.

 

ഉദ്ദേശ്യം വളരെ വ്യക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങളേയുള്ളൂ. അതിന് മുൻപ് കേന്ദ്രത്തിന്റെ എല്ലാ ദ്രോഹനടപടികളെയും അതിജീവിച്ച്‌, സ്വന്തം വരുമാനം കൂട്ടി, മെച്ചപ്പെട്ടുവരുന്ന കേരളത്തിന്റെ സമ്ബദ്ഘടനയെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടണം. കേരളമുയര്‍ത്തുന്ന, രാജ്യത്തിന് മാതൃകയായ വികസനക്ഷേമബദലിനെ ഇടിച്ചുനിരത്തണം. മോദി സര്‍ക്കാരിന്റെ എല്ലാ ദ്രോഹങ്ങളെയും അതിജീവിച്ച്‌ നീതി ആയോഗിന്റെ എല്ലാ സൂചികകളിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളം നിലനിര്‍ത്തുന്നതും മോദിക്കും സംഘപരിവാറിനും താങ്ങാനാവാത്ത ക്ഷീണമാണ്. സാമൂഹ്യക്ഷേമ പെൻഷൻ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സമാനതകളില്ലാത്ത ക്ഷേമപദ്ധതികള്‍ കേന്ദ്രത്തിന്റെ ഉറക്കം കെടുത്തുകയാണ്. അതെല്ലാം അട്ടിമറിക്കണം. ശമ്ബളവും പെൻഷനും മുടക്കാനാണ് ശ്രമം. വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സയൻസ് പാര്‍ക്കുംഉള്‍പ്പെടെയുള്ള വിസ്മയകരമായ വികസന പദ്ധതികള്‍ തുടരാൻ അനുവദിക്കാതിരിക്കലാണ് ലക്ഷ്യം. കേരളം മുടിഞ്ഞാലും അതില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലാഭമുണ്ടാക്കാനാകുമോ എന്നതാണ് ബിജെപിയുടെ നോട്ടം.

 

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലില്‍ കഴിഞ്ഞ നാലുവര്‍ഷത്തില്‍മാത്രം സംസ്ഥാനത്തിന്റെ വരുമാന നഷ്ടം 67,310 കോടി രൂപയാണ്.ഭരണഘടനാനുസരണമായി സംസ്ഥാനത്തിന് ലഭിക്കേണ്ടതും കേന്ദ്രം മനപ്പൂര്‍വം നിഷേധിച്ചതുമായ തുകയാണിത്.ഈ കണ്ണില്‍ച്ചോരയില്ലാത്ത ശത്രുതാ നടപടിക്ക് അര്‍ഹമായ തിരിച്ചടി ബിജെപിക്ക് കേരളജനത നല്‍കണമെന്നും മന്ത്രി എം ബി രാജേഷ്‌ കൂട്ടിച്ചേര്‍ത്തു.

Back to top button
error: