കോൺഗ്രസ് നിലനിൽക്കണമെന്ന് നരേന്ദ്രമോഡി പറയാൻ കാരണം? Watch video
ഒരു മുതിർന്ന മാധ്യമ പ്രവർത്തകനോട് 2002 ഡിസംബറിൽ നരേന്ദ്രമോഡി പറയുകയുണ്ടായി കോൺഗ്രസ് നിലനിൽക്കണമെന്ന്. ജനാധിപത്യത്തിൽ പരസ്പരം മത്സരിക്കാൻ രണ്ടു മുഖ്യധാരാ പാർട്ടികൾ എങ്കിലും വേണം എന്നായിരുന്നു നരേന്ദ്രമോഡി അന്ന് പറഞ്ഞത്. പക്ഷേ കാലം മറ്റൊരു കാര്യം കൂടി ചെയ്തു. അത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത് നരേന്ദ്ര മോഡി ആണെന്നതാണ്.
ഒരു വർഷം മുമ്പ് നാം എല്ലാവരും ഇക്കാര്യം ചർച്ച ചെയ്തതാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടി ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമോ എന്നതായിരുന്നു അത്. വർഷം ഒന്നു കഴിഞ്ഞു ഇപ്പോഴും അക്കാര്യത്തിൽ ഒരു വ്യക്തതയില്ല. 2014ൽ 44 സീറ്റ് മാത്രം നേടിയതിന്റെയും 2019ൽ 52 സീറ്റ് മാത്രം നേടിയതിന്റെയും ക്ഷീണത്തിൽ നിന്ന് കോൺഗ്രസിന് ഇതുവരെ ഉയർത്തെഴുന്നേൽക്കാൻ ആയിട്ടില്ല.
ഏതൊരു രാഷ്ട്രീയ പാർട്ടിയും നിലനിൽക്കുന്നത് മൂന്നു തൂണുകളിന്മേലാണ്. നേതൃത്വം, സംഘടന, പ്രത്യയശാസ്ത്രം എന്നിവയാണ് ആ മൂന്ന് തൂണുകൾ. നേതൃപരമായി കോൺഗ്രസ് ഇന്ന് ആശയക്കുഴപ്പത്തിലാണ്. ആരാണ് നയിക്കുന്നത് എന്നതിന് വ്യക്തതയില്ല. ചരിത്രപരമായി നോക്കുമ്പോൾ വിവിധ ആശയഗതികളെ ഒരു കുടക്കീഴിൽ ആക്കാൻ കഴിയുന്ന സംഘടനയായിരുന്നു കോൺഗ്രസ്. എന്നാൽ കടുത്ത രാഷ്ട്രീയ വെല്ലുവിളി ഉയർന്നപ്പോൾ 1990കൾ മുതൽ കോൺഗ്രസിന് ഇടർച്ച ആരംഭിച്ചു. ജാതി സ്വത്വങ്ങളെ ഉയർത്തെഴുന്നേൽപ്പിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസിന് കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. ദളിത് വോട്ടുകൾ ബി എസ് പിക്ക് അടിയറ വയ്ക്കേണ്ടി വന്നു.ഒബിസി വോട്ടുകൾ എസ്പിയും ആർജെഡിയും പങ്കിട്ടെടുത്തു. ഇതിന് പിന്നാലെ മന്ദിർ പ്രക്ഷോഭം ഉയർന്നു വന്നു. ഹിന്ദു വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചോർന്നു. തങ്ങളുടെ വോട്ട് ബാങ്കിനെ എങ്ങനെ സംരക്ഷിച്ചു നിർത്തും എന്നതിൽ കോൺഗ്രസിന് ഒരു നിർണയവും ഉണ്ടായിരുന്നില്ല. പാവങ്ങൾക്ക് വേണ്ടി എന്നായിരുന്നു കോൺഗ്രസിന്റെ മുദ്രാവാക്യം. പക്ഷേ ആ മുദ്രാവാക്യത്തോടൊപ്പം ദേശീയത കൂടി ചേർന്നതോടെ ബിജെപി കോൺഗ്രസിന് മുന്നിൽ കയറി.
ഒരു കേഡർ പാർട്ടി ആയി മാറാൻ കോൺഗ്രസ് ഒട്ടും ശ്രമിച്ചില്ല. അധികാരമില്ലാത്തപ്പോഴൊക്കെ പാർട്ടി നിർജീവമായി മാറി. കോൺഗ്രസിന്റെ തളർച്ച പൊടുന്നനെ ഉണ്ടായതല്ല. അറുപതുകളുടെ അവസാനത്തിൽ കോൺഗ്രസിന് തമിഴ്നാട് നഷ്ടപ്പെട്ടു. 77ൽ പശ്ചിമബംഗാളും. ബീഹാർ, ഉത്തർപ്രദേശ്, ഒഡിഷ എന്നിവയൊക്കെ കോൺഗ്രസിന് തൊണ്ണൂറുകളിലാണ് നഷ്ടമാകുന്നത്. ഇവിടങ്ങളിലൊക്കെ ഒരിക്കൽ പരാജയപ്പെട്ടിടത്ത് കോൺഗ്രസ് പിന്നീട് വിജയിച്ചതേ ഇല്ല. ഒരു മുന്നണി കൂട്ടുകെട്ടിൽ രണ്ടുവർഷം ഭരിച്ചത് ഒഴിച്ചാൽ ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ നിന്നും മാറിനിന്നത് 30 വർഷം ആണ്. 18 കോടി അംഗങ്ങളും മികച്ച കേഡർ സംവിധാനവുമുള്ള ബിജെപിയോട് കോൺഗ്രസ് തോൽക്കുന്നതിൽ അത്ഭുതമില്ല.
മൂന്ന് പ്രതിസന്ധികളാണ് കോൺഗ്രസ് നേരിടുന്നത്. കാര്യ ശേഷിയില്ലാത്ത കേന്ദ്രനേതൃത്വം, സംഘടനാപരമായ ക്ഷീണം, പ്രത്യേക പ്രത്യശാസ്ത്രം ഇല്ലായ്മ ഇവയൊക്കെ കോൺഗ്രസിനെ ക്ഷീണിപ്പിച്ചു. ഒന്നര പതിറ്റാണ്ട് മുമ്പ് കാണിച്ച മാജിക് ഒന്നും ക്ഷീണിതയായ സോണിയ ഗാന്ധിക്ക് ഇനി കാണിക്കാനാവില്ല. സോണിയ ഗാന്ധിയുടെ താൽക്കാലിക അധ്യക്ഷപദവി ഓഗസ്റ്റ് 10 വരെയാണ്. ആരാണ് അടുത്തതായി കോൺഗ്രസിനെ നയിക്കുക എന്നതിന് യാതൊരു വ്യക്തതയുമില്ല. അധികം പരീക്ഷണം നേരിട്ടിട്ടില്ലാത്ത പ്രിയങ്കാഗാന്ധി ഉത്തർപ്രദേശിൽ കുടുങ്ങിക്കിടക്കുകയാണ്. രാഹുൽഗാന്ധി പരീക്ഷിച്ച് പരാജയപ്പെട്ട ആളാണ്. ഒരു വർഷം മുമ്പ് ചുമതലകൾ ഇട്ടെറിഞ്ഞ് ഒഴിഞ്ഞുപോയ രാഹുൽഗാന്ധി ഇപ്പോൾ വേറൊരു ലോകത്താണ്. സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആക്രമിക്കുക എന്നത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം.
കളം പിടിക്കണമെങ്കിൽ കോൺഗ്രസിന് പുതിയ അധ്യക്ഷൻ അല്ലെങ്കിൽ അധ്യക്ഷ വേണം. കോൺഗ്രസിന്റെ പാർട്ടി നേതാക്കൾ ഒക്കെ വിവിധ സംഘടനകൾ ആയി സ്വയം മാറിയിരിക്കുന്നു. ഗാന്ധി നഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള നരേന്ദ്രമോഡിയുടെ മാർച്ച് സംഘടനാ ശക്തിയുടെയും ആർഎസ്എസ് കേഡർഷിപ്പിന്റെയും ഫലമായിരുന്നു. ആറുവർഷമായി അധികാരത്തിനു പുറത്തായിട്ടും സംഘടനയെ കെട്ടിപ്പടുക്കാൻ കോൺഗ്രസ് ശ്രദ്ധിക്കുന്നില്ല.
ശക്തമായ കേന്ദ്രനേതൃത്വം ഇല്ലാതെ പ്രാദേശിക നേതൃത്വങ്ങളോട് ബിജെപിയോട് ഏറ്റുമുട്ടാൻ ആണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ജനം കണ്ടറിഞ്ഞ് സഹായിച്ചിട്ടും തങ്ങളുടെ സർക്കാരുകളെ നിലനിർത്താൻ കോൺഗ്രസിന് ആവുന്നില്ല. കർണാടക, മധ്യപ്രദേശ് സർക്കാരുകൾ താഴെവീണത് തന്നെ അതിന് മികച്ച ഉദാഹരണം. ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ അപകടത്തെ തുറിച്ചു നോക്കുന്നു. പഴയ നേതൃത്വവും പുതിയ നേതൃത്വവും തമ്മിലുള്ള കലഹം പാർട്ടിക്കുള്ളിൽ ശക്തമാണ്. മുതിർന്ന നേതാവിനോട് ഏറ്റുമുട്ടി കഴിഞ്ഞ മാർച്ചിൽ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് പുറത്തേക്കുള്ള വഴിയിൽ ആണ്.
ബി ജെ പിയെ രാഷ്ട്രീയമായി നേരിടുന്നതിനും കോൺഗ്രസ് പരാജയം ആവുകയാണ്. കോവിഡ് കാലത്തെ അന്യ സംസ്ഥാന തൊഴിലാളികളുടെ ദുരിതം മാത്രം മതി മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ. ചൈനയുമായുള്ള പ്രശ്നം മുൻനിർത്തിയും മോദി സർക്കാരിനെ ചോദ്യം ചെയ്യാൻ കോൺഗ്രസിനായില്ല. കൊവിഡ് കാലത്തും കൂപ്പുകുത്തുന്ന സാമ്പത്തിക വ്യവസ്ഥയും തൊഴിലില്ലായ്മയും മുൻനിർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ കോൺഗ്രസിനു കഴിയുമായിരുന്നു.
കോൺഗ്രസ് അക്ഷരാർത്ഥത്തിൽ ഒരു സ്വത്വ പ്രതിസന്ധി നേരിടുകയാണ്. പാർട്ടിക്കുള്ളിൽ നിന്നുതന്നെ അതിനു മുന്നറിയിപ്പുകൾ വരുന്നുണ്ട്. ശശി തരൂർ അടക്കമുള്ളവർ അത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും വലിയ ചോദ്യം ഗാന്ധികുടുംബം ഇല്ലാതെ കോൺഗ്രസിന് മുന്നേറാൻ ആകുമോ എന്നതാണ്. അത് ഗാന്ധി കുടുംബം തന്നെ അഭിസംബോധന ചെയ്താലേ കോൺഗ്രസ് രക്ഷപ്പെടൂ