KeralaNEWS

കാസർകോടുകാരുടെ ‘കന്നഡ’ കാഴ്ചകൾ

പ്തഭാഷകളുടെ നാടാണ് കാസര്‍കോഡ്. ഭാഷകളില്‍ മാത്രമല്ല,കാഴ്ചകളിലും ജീവിതരീതികളിലും വരെ ഇവിടെ വൈവിധ്യങ്ങൾ കാണാൻ സാധിക്കും.എന്താവശ്യത്തിനും കേരളത്തിനേക്കാളും കൂടുതൽ കർണാടകയെ ആശ്രയിയിക്കുന്നവരാണ് കാസർകോട്ടുകാർ.അടുത്തുള്ള ജില്ലയായ കണ്ണൂരില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ കാസര്‍കോഡ് നിന്ന് മംഗലാപുരത്തും സുള്യയിലും എത്താം എന്നതുതന്നെയാണ് അതിന് കാരണവും.ഇനി ടൂറിസം യാത്രകളാണെങ്കിലും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ മൂന്നാറും വയനാടും ഗവിയും ഒക്കെ പോകുമ്ബോള്‍ കാസര്‍കോഡുകാര്‍ നേരെ വണ്ടിതിരിക്കുന്നത് കര്‍ണ്ണാടകയിലേക്കാണ്.
 
നോക്കാം കാസർകോട്ടുകാരുടെ പ്രിയപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന്.

തലക്കാവേരി

കാസര്‍കോഡുകാരുടെ യാത്രകളില്‍ ഏറ്റവുമാദ്യം വരുന്ന സ്ഥലമാണ് കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരി. ഇവിടെ ഒരുറവയില്‍ നിന്നുത്ഭവിക്കുന്ന കാവേരിയെ കാണാമെങ്കിലും കുറച്ചു ദൂരം ഭൂമിക്കടിയിലൂടെ പോയി വീണ്ടും കുറച്ചുമാറി പുറത്തുകാണുകയാണ് ചെയ്യുന്നത്. കുടകിലെ മലനിരകളില്‍ നിന്നാണ് കാവേരി ഇവിടെക്ക് ഒഴുകുന്നത്. ആത്മീയ യാത്രയാണ് ലക്ഷ്യമെങ്കില്‍ തലക്കാവേരിയോട് ചേര്‍ന്ന് രണ്ട് ക്ഷേത്രങ്ങള്‍ കാണാം. ശിവനും ഗണേശനുമായാണ് ഈ ക്ഷേത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

Signature-ad

തലക്കാവേരിയില്‍ നിന്ന് താഴേക്കിറങ്ങിയാല്‍ ബ്രഹ്മഗിരി പീക്കിലേക്ക് പോകാം. ഇതിനു സമീപത്തായാണ് പാര്‍വ്വതി ദേവി പ്രത്യക്ഷപ്പെട്ടതെന്നാണ് വിശ്വാസം. കാസര്‍കോഡ് നിന്ന് തലക്കാവേരിക്ക് പാണത്തൂര്‍- ബാഗമണ്ഡല റോഡ് വഴി 93 കിലോമീറ്ററാണ് ദൂരം. കാഞ്ഞങ്ങാട് നിന്ന് 80 കിമിയും പാണത്തൂരില്‍ നിന്ന് 36 കിമിയും ദൂരമുണ്ട്

കൂര്‍ഗ്

കാസര്‍കോഡ് നിന്നുള്ള യാത്രകളിലെ മറ്റൊരു പ്രധാന സ്ഥലമാണ് കൂര്‍ഗ്. കൂര്‍ഗ് എന്ന പേരിനേക്കാള്‍ കൊടക് എന്ന പേരാണ് നമുക്ക് പരിചയം. കോടമഞ്ഞും കാപ്പിത്തോട്ടങ്ങളും മലനിരകളും എല്ലാമായി നില്‍ക്കുന്ന ഇവിടം പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ്.

അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, ഭാഗമണ്ഡല, ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. രണ്ടോ മൂന്നോ ദിവസം ചിലവഴിക്കുവാന്‍ കഴിയുന്ന രീതിയില്‍ വേണം യാത്ര ക്രമീകരിക്കുവാന്‍. കാസര്‍കോഡ് നിന്ന് മടിക്കേരിയിലേക്ക് 109 കിലോമീറ്ററാണ് ദൂരം.

കുശാല്‍നഗര്‍

ഇന്ത്യയിലെ രണ്ടാമത്തെ ടിബറ്റന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് കുശാല്‍ നഗറില്‍ കാണുവാനുള്ളത്. നംഡ്രോളിങ് ആശ്രമം. സുവര്‍ണ്ണ ക്ഷേത്രം എന്നുമിതിന് പേരുണ്ട്. ടിബറ്റന്‍ കോളനി എന്നിവ കാണുവാനും അവരുടെ ജീവിതവും മറ്റും പരിചയപ്പെടുവാനും പറ്റിയ യാത്രയായിരിക്കുമിത്. രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെയാണ് ക്ഷേത്രം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്. കുശാല്‍നഗരയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ബൈലക്കുപ്പയെന്ന സ്ഥലത്താണ് ഇതുള്ളത്.

മൈസൂര്‍

കാസര്‍കോഡ് നിന്നും മാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ വഴി മൈസൂരിലക്ക് 227 കിലോമീറ്റര്‍ ദൂരമുണ്ട്. മടിക്കേരി വഴിയുള്ള യാത്ര ആസ്വാദ്യകരമായ ഒന്നാണ്. മൈസൂരിലെത്തിയാല്‍ മൈസൂര്‍ കൊട്ടാരം, ചാമുണ്ഡി ഹില്‍സ്, മൈസൂര്‍ സൂ, സെന്‍റ് ഫിലോമിനാസ് ചര്‍ച്ച്‌ തുടങ്ങി നിരവധി ഇടങ്ങള്‍ കാണാം. അതിരാവിലെ യാത്ര പുറപ്പെടുന്നതായിരിക്കും നല്ലത്.

മംഗലാപുരം

കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളിലൊന്നായ മംഗലാപുരം കാസര്‍കോഡ് നിന്നും വെറും 54 കിലോമീറ്റര്‍ അകലെയാണ്. ആശുപത്രി ആവശ്യങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി കാസര്‍കോഡുകാര്‍ തിരഞ്ഞെടുക്കുന്നത് കൂടുതലും മംഗലാപുരമാണ്. മംഗളാദേവി ക്ഷേത്രം, ബീച്ചുകള്‍, സെന്‍റ് അലോഷ്യസ് ചാപ്പല്‍, കുഡ്രോളി ഗോകര്‍നാഥ് ക്ഷേത്രം തുടങ്ങിയവ ഇവിടെ കാണാം.

ഉഡുപ്പി

മംഗലാപുരം കഴിഞ്ഞാണ് ഉഡുപ്പി. കാസര്‍കോഡ് നിന്നും ഉഡുപ്പിയിലേക്ക് 105 കിലോമീറ്ററാണ് ദൂരം. ക്ഷേത്രങ്ങളുടെയും രുചികളുടെയും നാടാണ് ഉഡുപ്പി. ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രം ലോകപ്രസിദ്ധമാണ്. നവദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടെ കൃഷ്ണനെ ദര്‍ശിക്കുന്നത്. ഇവിടുത്തെ തനത് രുചികള്‍ പരീക്ഷിക്കുവാനും ഉഡുപ്പി യാത്രയില്‍ സമയം കണ്ടെത്താം. മാല്‍പെ ബീച്ച്‌, മാട്ടു ബീച്ച്‌ തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണുവാനുണ്ട്.

Back to top button
error: