KeralaNEWS

പത്തനംതിട്ടയുടെ തലയെടുപ്പായി ചുട്ടിപ്പാറ; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പം

ത്തനംതിട്ടയിൽ ആദ്യമെത്തുന്ന ആരും അത്ഭുതത്തോടെ നോക്കിപ്പോകുന്ന ഒന്നാണ് നഗരമധ്യത്തിൽ തലയെടുത്തുനിൽക്കുന്ന ചുട്ടിപ്പാറ.കറുത്തിരുണ്ട ഗജവീരൻമാർ എഴുന്നള്ളത്തിന് നിൽക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകുന്ന വിധത്തിലാണ് പാറയുടെ രൂപം.
 പത്തനംതിട്ട നഗരത്തിന്റെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും ചുട്ടിപ്പാറ തന്നെയാണ്.കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെ വേണം ചുട്ടിപ്പാറയുടെ മുകളിലെത്താൻ.വഴി പകുതി ദൂരം പിന്നിടുമ്പോൾ പിന്നീട് പടിക്കെട്ടുകളാണ്.ഇവയിലാകട്ടെ, നിർമാണ സമയത്ത് ഉണ്ടായിരുന്ന തൊഴിലാളികളുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നതും കൗതുകമാണ്.
പാറയുടെ മുകളിൽ ഒരു ക്ഷേത്രവുമുണ്ട്.വനവാസക്കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് മലമുകളിൽ ഉള്ള വിഗ്രഹവും ക്ഷേത്രവുമെന്നാണ് ഐതിഹ്യം.ചുട്ടിപ്പാറയുടെ ഭാഗമായ ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ.
കാറ്റാടിപ്പാറയിൽ നിന്നു നോക്കിയാൽ മാത്രമേ ചേലവിരിച്ചപാറയുടെ സൗന്ദര്യം അറിയാൻ സാധിക്കൂ. വനവാസകാലത്ത് സീത ചേല ഉണക്കാൻ വിരിച്ചിരുന്നത് ഈ പാറയിലായിരുന്നത്രേ.
 ചുട്ടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാറ്റാടിപ്പാറയാണ്.പേരിലും നിറയുന്ന കാറ്റുതന്നെ കാരണം. എപ്പോഴും ഈ പാറയിൽ ശക്തമായ കാറ്റാണ്. ഹനുമാൻപാറ എന്നും ഇതിനു പേരുണ്ട്.ഹനുമാൻ വിശ്രമിച്ചിരുന്നത് ഈ പാറയിലായിരുന്നു.ഹനുമാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ പിതാവായ വായുഭഗവാൻ ഇവിടെ നിറഞ്ഞു നിൽക്കുകയാണ് എന്നും വിശ്വസിക്കപ്പെടുന്നു.സ്ഥിരമായി കുരങ്ങുകളുടെ സാന്നിധ്യവും ഇവിടെ ഉണ്ടാകുന്നു.
 ചുട്ടിപ്പാറയും പരിസരപ്രദേശവും മഴക്കാലത്ത് പോലും ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയാണ്. അച്ചൻകോവിലാറിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം.എന്നാൽ ഏത് കനത്ത വേനലിലും ചുട്ടിപ്പാറയ്ക്ക് ഒത്ത നടുവിലെ മണിക്കിണർ വറ്റില്ല. അധികം ആഴമില്ലെങ്കിലും പാറയിലെ ക്ഷേത്രത്തിന് ആവശ്യമായ ജലം ഈ കിണറ്റിൽനിന്നുതന്നെ ലഭിക്കും.പാറയുടെ മുകളിൽ നിന്നും നോക്കിയാൽ കിലോമീറ്ററോളം വളഞ്ഞു പുളഞ്ഞു പോകുന്ന അച്ചൻകോവിലാറിന്റെ വിദൂരദൃശ്യം കാണാം.
പത്തനംതിട്ടയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ചുട്ടിപ്പാറ.ഇവിടെ നിന്നാല്‍ പത്തനംതിട്ട നഗരം മുഴുവന്‍ കാണാം.മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന ഈ പാറ പത്തനംതിട്ട ടൗണില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പം ഒരുങ്ങുന്നതും ഇവിടെയാണ്.133 അടി ഉയരത്തിൽ 66 മീറ്റർ ചുറ്റളവിലാണ് ശിൽപ്പം നിർമ്മിക്കുന്നത്.അയ്യപ്പ ചരിത്രം ഉൾപ്പെടുന്ന മ്യൂസിയം, പന്തളം കൊട്ടാരത്തിന്റെ മാതൃക, പുങ്കാവനത്തിന്റേയും പമ്പ, വാവർ സ്വാമിയുടെ പ്രതിമ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും.പന്തളം കൊട്ടാരത്തിൽ നിന്നും നോക്കിയാൽ കാണുംവിധമാണ് അയ്യപ്പശിൽപ്പത്തിന്റെ നിർമ്മാണം.

Back to top button
error: