KeralaNEWS

ബിഗ് സല്യൂട്ട്;ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്

തിരുവല്ല:ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്.മെയ് 16 ന് രാവിലെയാണ് സംഭവം.
പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്നാണ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ രാവിലെ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഉടന്‍ തന്നെ രക്തം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അപൂര്‍വ്വ രക്ത ഗ്രൂപ്പുകളില്‍ ഒന്നായ ഒ- നെഗറ്റീവ് ആയിരുന്നു യുവതിയുടെ രക്ത ഗ്രൂപ്പ്.അസ്വസ്ഥതകളെത്തുടര്‍ന്ന് പെട്ടെന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല.
ഉച്ചയായിട്ടും രക്തദാതാവിനെ കിട്ടാത്തതിനെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് അജിത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്. തിരുവല്ല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ സുനില്‍ കൃഷ്ണനെയാണ് ലൈനില്‍ കിട്ടിയത്.വിവരം പറഞ്ഞ് ഫോണ്‍ വച്ച അജിത്തിനു മുന്നില്‍ പത്തു മിനിറ്റില്‍ തിരുവല്ല ഇന്‍സ്പെക്ടറുടെ പോലീസ് വാഹനമെത്തി.വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് യുവതിക്ക് രക്തം നല്‍കിയത്.
അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്‍റെ പോല്‍-ബ്ലഡ് സംവിധാനം ഉപയോഗിക്കാം.
എന്താണ് പോല്‍-ബ്ലഡ് ?
കേരളാ പോലീസ് ആവിഷ്ക്കരിച്ചിട്ടുള്ള പുതിയ സേവനമാണ് POL- BLOOD.
കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ POL – APP ൽ ഈ സേവനം ലഭ്യമാണ്.ചികിത്സാ സംബന്ധിയായ അടിയന്തര ഘട്ടങ്ങളിൽ ആവശ്യക്കാർക്ക് യഥാസമയം രക്തം ലഭ്യമാക്കുന്നതിനായി രക്തദാതാക്കളെയും, അപേക്ഷകരേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വേദിയാണ് POL-APP (BLOOD).കേരള പോലീസ് ആവിഷ്ക്കരിച്ച ഒരു പൗരകേന്ദ്രീകൃത സേവനമാണ് ഇത്.
രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.

Back to top button
error: