ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കൂ, തീരുമാനം ഉടനെ ഉണ്ടാവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയുമായുള്ള കൂടിക്കാഴ്ച്ച് ശേഷമാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. നേരത്തെ, ഖാർഗെ, ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും സംസാരിച്ചിരുന്നു. എന്നാൽ തുടർ ചർച്ച ഉണ്ടാവുന്നതിനാണ് സാധ്യത.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചർച്ച നടത്തിയ ഖാർഗെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവിൽ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുടർന്ന് ഡികെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.