LocalNEWS

ഡബിൾ ഡക്കറിലേറി സൗജന്യമായി നഗരം ചുറ്റണോ? എങ്കിൽ കോട്ടയത്തേക്ക് വരൂ…

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കറിലേറി സൗജന്യമായി നഗരം ചുറ്റണോ? എങ്കിൽ കോട്ടയത്തേക്ക് വരൂ… സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോട്ടയത്തെത്തിച്ച ഡബിൾ ഡെക്കറിൽ പൊതുജനങ്ങൾക്കും സഞ്ചരിക്കാം. തിരുവനന്തപുരത്ത് നിന്നാണ് കെ. എസ്. ആർ. ടി.സി. ഡബിൾ ഡക്കർ ബസ് കോട്ടയത്ത് എത്തിയത്.

ഡബിൾ ഡക്കറിന്റെ ആദ്യ യാത്ര സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. മേളയുടെ ഭാഗമായുള്ള കെ എസ് ആർ ടി സി യുടെ സ്റ്റാളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് ജനങ്ങൾക്ക് സൗജന്യമായി നഗരം ചുറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ബസിന്റെ ഇരു നിലകളിലുമായി 35 വീതം സീറ്റുകളാണുള്ളത്. ഒരേ സമയം 70 പേർക്ക് ബസിൽ യാത്ര ചെയ്യാൻ സാധിക്കും. നാഗമ്പടത്ത് നിന്നും ആരംഭിച്ച് ബേക്കർ ജംഗ്ഷൻ ചുറ്റി ശാസ്ത്രി റോഡിലൂടെ തിരിച്ച് നാഗമ്പടത്തേക്ക് എത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

Signature-ad

മേയ് 22 വരെ ഡബിൾ ഡക്കർ കോട്ടയത്ത് സൗജന്യ യാത്രക്ക് അവസരമൊരുക്കും. രാവിലെ 10 മണി മുതൽ രാത്രി ഒമ്പതു മണി വരെ ഓരോ മണിക്കൂർ ഇടവിട്ടാണ് യാത്ര ക്രമം. എന്റെ കേരളം പ്രദർശന വിപണന മേളയ്ക്കായി നഗരത്തിലെത്തുന്നവർക്ക് പുത്തൻ അനുഭവം തന്നെയാവും ഡബിൾ ഡക്കർ യാത്ര. സമൂഹ മാധ്യമങ്ങളിലൂടെയും റീൽസിലൂടെയുമെല്ലാം ഡബിൾ ഡക്കർ ഇതോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

Back to top button
error: