ഇനി പലതും നടക്കും! റോബിനും, രജിത്ത് കുമാറും വീണ്ടും ബിഗ്‌ബോസിലേക്ക്
ആവേശകരമായ അന്‍പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവില്‍ പതിമൂന്ന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കന്‍ മട്ടാണ് സീസണ്‍ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം.
വീക്കിലി ടാസ്‌കിനിടെ മാത്രമാണ് ഹൗസില്‍ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകര്‍ പറയുന്നു. ലൈവ് കാണാന്‍ പോലും താല്പര്യമില്ലെന്ന് ഇവര്‍ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈല്‍ഡ് കാര്‍ഡ് വേണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമര്‍ ലുലുവിനോ വീട്ടില്‍ ആവേശം നിറയ്ക്കാന്‍ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തില്‍ സംശയമാണ്.
സീസണ്‍ അഞ്ചിനും മത്സരാര്‍ത്ഥികള്‍ക്കും ഊര്‍ജ്ജം നല്‍കാന്‍ മുന്‍കാല സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ നിരന്തരം ആവശ്യപ്പെട്ട കാര്യമാണ്. ഈ സീസണ്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴുള്ള ആവശ്യവുമായിരുന്നു ഇത്. ഇപ്പോഴിതാ ഇക്കാര്യം ബിഗ് ബോസ് ടീം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്. ഈ ആഴ്ച മുന്‍ സീസണുകളില്‍ നിന്ന് ഡോ.റോബിനെയും, ഡോ. രജിത്ത് കുമാറിനെയും ബിഗ്‌ബോസ് വീട്ടില്‍ എത്തിയിരിക്കുകയാണ് ഇതിന്റെ പ്രമോ ബിഗ്‌ബോസ് പുറത്തുവിട്ടു.
എന്തായാലും മുന്‍ സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ബിബി ഹൗസ് അഞ്ചാം സീസണില്‍ അതിഥികളായി എത്തിയിരിക്കുന്നത് എന്നത് മത്സരം കടുപ്പിക്കും. ഇതാദ്യമായാണ് മലയാളം ബിഗ് ബോസില്‍ മുന്‍ മത്സാര്‍ത്ഥികള്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികള്‍ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.