ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ നിരീക്ഷകരുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. വിഷയത്തില്‍ സമവായം കണ്ടെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച സുര്‍ജേവാല, ”ഇന്ന് രാത്രികൂടി കാത്തിരിക്കൂ”വെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
സുശീല്‍കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം, ചര്‍ച്ചയ്ക്കായി ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡല്‍ഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തുന്ന ഡികെ, ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയേക്കും. ആദ്യം ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റി ഉടന്‍ തന്നെ പോകുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് വയറിന് സുഖമില്ലാത്തതിനാല്‍ തിങ്കളാഴ്ച പോകുന്നില്ലെന്ന് അറിയിച്ചത്.
അതേസമയം, കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരുകയാണ്. സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മലയാളി കെ.ജെ.ജോര്‍ജ് ഉള്‍പ്പെടെ 6 എംഎല്‍എമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്.