‘സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും നായകനാകുന്നു. ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക. ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ 24 എന്നീ ബാനറുകളുമായി ചേര്‍ന്ന് സിത്താര എന്റര്‍ടെയ്ൻമെന്റ്സ് ആണ് ദുല്‍ഖര്‍ പ്രൊജക്റ്റ് നിര്‍മിക്കുക.
ദുല്‍ഖര്‍ നായകനായ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് നേടിയിരിക്കുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് ഇത്. ശാന്തി കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു.
ആര് ബല്‍കി സംവിധാനം ചെയ്ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര് ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര.
സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര് ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.