ദില്ലി: ദില്ലിയിലെ ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഇരുപത് ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണ തേടി ബി ജെ പി വനിത എംപിമാർക്ക് കത്തയക്കും എന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയർത്തുന്ന ബി ജെ പിയുടെ ഒരു വനിത നേതാവ് പോലും ഞങ്ങളെ വിളിച്ചില്ലെന്നും ഇവർ പറഞ്ഞു. പിന്തുണക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട് 16 ന് ഓഫീസിന് സമീപം പ്രതിഷേധിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ള ബിജെപി വനിത എംപിമാർക്ക് കത്തയയ്ക്കുമെന്നും താരങ്ങൾ പറഞ്ഞു.
അതേ സമയം ഗുസ്തി താരങ്ങളുടെ പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ തള്ളി. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു.