തിരുവനന്തപുരം: കവടിയാറിൽ കോർപറേഷൻ കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയതോടെ ദുർഗന്ധം സഹിക്കാനാവാതെ ജനം ദുരിതത്തിൽ. നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കവടിയാര്‍ ടെന്നിസ് ക്ലബ്ബിന് സമീപത്തെ പൊതുകുളത്തിൽ മീനുങ്ങൾ ചത്തു പൊങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ചത്ത് പൊങ്ങിയ മീനുകളിൽ ഭൂരിഭാഗവും അഴുകി വെള്ളത്തിൽ അലിഞ്ഞു. വീടുകളിലേയും ഫ്ലാറ്റുകളിലും അകത്തുപോലും ഇതിന്റെ ദുർഗന്ധം എത്തി.
വെള്ളം ഒഴുക്കി വിടാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ദുർഗന്ധം സഹിക്കുകയല്ലാതെ നിവൃത്തിയിലെന്ന് സമീപവാസികൾ പറയുന്നു. പലതവണ പരാതി പറഞ്ഞിട്ടും കോര്‍പ്പറേഷൻ അനങ്ങുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പെഡലിംഗ് ബോട്ട് സര്‍വ്വീസും കുട്ടികളുടെ പാര്‍ക്കുമുണ്ടായിരുന്ന സ്ഥലമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാട്ടുകാര്‍ക്ക് പൊല്ലാപ്പായി മാറിയത്. പ്രഭാത സായാഹ്ന സവാരിക്ക് കുളത്തിന് ചുറ്റുമുള്ള നടപ്പാതയിയിലെ തറയോട് പാകൽ പാതിവഴിയിലാണ്. വഴിവിളക്ക് പ്രവര്‍ത്തന സജ്ജമാണെങ്കിലും കുളത്തിലേക്കുള്ള പ്രധാന കവാടം തുറന്നുകൊടുക്കാത്തത് കാരണം പരിസരമാകെ കാടുമൂടിയ നിലയിലാണ്. പൊതുകുളം സംരക്ഷിക്കാൻ അടിയന്തര നടപടിയാണ് നാട്ടുകാരുടെ ആവശ്യം.