KeralaNEWS

ഗോ ഫസ്റ്റിന്‍റെ പിന്‍മാറ്റം;കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രതിസന്ധിയിലേക്ക്

കണ്ണൂർ:ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിക്ക് (കിയാല്‍)  വന്‍ തിരിച്ചടിയായി.സര്‍വീസുകളുടെ എണ്ണം കുറയുന്നതോടൊപ്പം വലിയ വരുമാന നഷ്ടവുമാണ് കിയാലിനെ കാത്തിരിക്കുന്നത്.
ഗോ ഫസ്റ്റ് സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകുന്നതു വഴി വൻ പ്രതിസന്ധിയാവും മട്ടന്നൂർ എയർപോർട്ടിനെ കാത്തിരിക്കുന്നത്.
ഗോ ഫസ്റ്റ് പിൻവാങ്ങുന്നതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസിനുള്ളത്.ദോഹ സര്‍വീസ് ഒഴികെ ഇന്‍ഡിഗോ നടത്തുന്നതെല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ദുബായ്, അബുദാബി, മസ്‌കറ്റ്, ദമാം, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്ന് ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നത്. കുവൈറ്റ്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് ഇതോടെ കണ്ണൂരിൽ നിന്നും സര്‍വീസില്ലാതായി.

ഗോ ഫസ്റ്റിന് പുറമേ എയര്‍ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്തിയിരുന്നതിനാല്‍ ദുബായ്, അബുദാബി സെക്ടറുകളില്‍ യാത്രാനിരക്കില്‍ ചെറിയ കുറവുണ്ടായിരുന്നു.എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രം സര്‍വീസ് നടത്തുമ്ബോള്‍ ഇനി ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാനും സാധ്യതയുണ്ട്.

ഗോ ഫസ്റ്റ് സര്‍വീസ് പുനരാംഭിച്ചില്ലെങ്കില്‍ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാകുക. പ്രതിദിനം എട്ടു സര്‍വീസുകള്‍ കുറയും. ഒരു ദിവസം ഏകദേശം 1200 ഓളം യാത്രക്കാരുടെ കുറവാണ് ഇത് ഉണ്ടാക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലുള്ള കിയാലിന് ഗോ ഫസ്റ്റിന്‍റെ പിന്‍മാറ്റം ഉണ്ടാക്കുന്ന സാമ്ബത്തിക നഷ്ടവും വലുതാണ്. പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസിനത്തില്‍ പ്രതിദിനം 10 ലക്ഷം രൂപയോളം ഗോ ഫസ്റ്റ് കിയാലിന് ലഭിക്കുന്നുണ്ട്.
കണ്ണൂര്‍ ഹബ്ബായി തെരഞ്ഞെടുത്ത ഗോ ഫസ്റ്റ് ഏറ്റവുമധികം സര്‍വീസുകള്‍ നടത്തിയിരുന്നത് ഇവിടെ നിന്നായിരുന്നു.അതേപോലെ നവംബറില്‍ അവസാനിപ്പിച്ച എയര്‍ഇന്ത്യയുടെ കണ്ണൂര്‍-ഡല്‍ഹി സര്‍വീസ് ഇനിയും പുനരാംരംഭിച്ചിട്ടില്ല.ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ഇന്‍ഡിഗോ കണ്ണൂരില്‍ നിന്ന് നടത്തിയിരുന്ന ആഭ്യന്തര സര്‍വീസുകളും ഇപ്പോഴില്ല. ലാഭകരമല്ലെന്ന് കണ്ടാണ് കരാര്‍ അവസാനിപ്പിച്ചത്.സര്‍വീസുകള്‍ പൊടുന്നനെ അവസാനിപ്പിച്ചതോടെ ട്രാവല്‍ ഏജന്‍സികളും യാത്രക്കാരും പ്രതിസന്ധിയിലായി. പകരം ടിക്കറ്റ് എടുക്കണമെങ്കിലും ഇരട്ടിയും അതിലധികവും തുക നല്‍കേണ്ട സ്ഥിതിയാണ്.

Back to top button
error: