NEWS

ആരുടെയങ്കിലും പകയില്‍ നിന്ന് പുറപ്പെടുന്ന ശാപവചനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ പ്രകൃതി സജ്ജമാകുമോ…?

വെളിച്ചം

കപ്പല്‍ യാത്രയ്ക്കിടയില്‍ ആ വയോധികന്‍ സഹയാത്രികനായ സുഹൃത്തിനോടു പറഞ്ഞു:

Signature-ad

“അയാള്‍ എന്റെ മകളെ കൊണ്ട് പോയിട്ട് ഇന്നേക്ക് മുപ്പത്തെട്ട് വര്‍ഷം കഴിഞ്ഞു. ഞാന്‍ രണ്ടുപേരേയും മനസ്സറിഞ്ഞ് ശപിച്ചു. കാരണം അവളായിരുന്നു എന്റെ ലോകം. എന്റെ ശാപവാക്കുകള്‍ ഫലിച്ചു. അധികനാള്‍ കഴിയുന്നതിന് മുമ്പേ അവര്‍ രണ്ടുപേരും ഈ കടലിന്റെ ആഴങ്ങളിലേക്ക് പോയി. ഇന്ന് ഞാനെന്റ കുഴിമാടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കറിയാം, എന്റെ ശാപവാക്കുകളാണ് അവരുടെ ജീവന്‍ നഷ്ടമാക്കിയത്. എനിക്ക് ദൈവത്തോട് ക്ഷമ ചോദിക്കണം.”

ഇതെല്ലാം കേട്ടു കൊണ്ടിരുന്ന സുഹൃത്ത് വയോധികനോട് പറഞ്ഞു:
“ഇപ്പോഴും ശാപവാക്കുകളുടെ ശക്തിയില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്…! ആരുടെയങ്കിലും ദേഷ്യത്തില്‍ നിന്നോ പകയില്‍ നിന്നോ പുറപ്പെടുന്ന വാക്കുകളെ സഫലമാക്കാന്‍ പ്രകൃതി സജ്ജമാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ മറ്റൊരാളുടെ വാക്കുകള്‍ക്ക് അപരന്റെ ചിന്തകളെയും പ്രവൃത്തികളേയും സ്വാധീനിക്കാന്‍ കഴിയുമെന്നുറപ്പാണ്…?”
വൃദ്ധൻ മറുപടി പറയാതെ പശ്ചാത്താപ ഭാരത്തോടെ ശിരസ്സു കുനിച്ചിരുന്നു.

എന്നോ കേട്ട വാക്കുകളുടെ ഊര്‍ജ്ജത്തില്‍ ഒരായുസ്സ് മുഴുവന്‍ പിടിച്ചുനില്‍ക്കുന്നവർ ഉണ്ട്. ആരോ പറഞ്ഞ പാഴ് വാക്കുകളുടെ പേരില്‍ ജീവിതം നിര്‍ജ്ജീവമാക്കിയവരും ഉണ്ട്. ശാപവചനങ്ങള്‍ ഉരുവിടുന്നവരുടെ കഥകളില്‍ നിറയെ തന്നെ അനുസരിക്കാതെ തകര്‍ന്നടിഞ്ഞവരുടെ ജീവിതമായിരിക്കും. ആരും മറ്റൊരാളുടെ ശാപം അര്‍ഹിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വതന്ത്രശൈലികളും വഴികളുമുണ്ട്. അവയെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടത്. നമ്മുടെ വഴികളിലും നമുക്ക് ആരേയും ശാപവാക്കുകള്‍കൊണ്ട് വീഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കാം

സന്തോഷവും സമാധാനവും നിറഞ്ഞ ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: