KeralaNEWS

”കുടിക്കാന്‍ ഒരുതുള്ളി വെളളം പോലും തരില്ല, പ്രതിഫലവുമില്ല, മനുഷ്യരാണെന്ന പരിഗണനപോലുമില്ലാതെ സെറ്റുകളില്‍ മണിക്കൂറുകളോളം നിര്‍ത്തും”

കണ്ണൂര്‍: കോടികളുടെ മണികിലുക്കമുളള മലയാള സിനിമയില്‍ ആള്‍ക്കൂട്ട സീനുകളില്‍ മിന്നിമറിയുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടും ചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാവുന്നതായി പരാതി. ബിഗ് ബഡ്ജറ്റുകളുടെ സിനിമകളുടെ ലൊക്കേഷനുകളില്‍ പോലും തങ്ങളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം സെറ്റുകളില്‍ മണിക്കൂറുകളോളം നിര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇരിക്കാന്‍ കസേരയോ മറ്റു സൗകര്യങ്ങളോ തരില്ല. ദാഹിച്ചാല്‍ ഒരു തുളളി വെളളം പോലും കുടിക്കാന്‍ നല്‍കില്ല. താമസിക്കാന്‍ മുറിയോ പ്രതിഫലമോ നല്‍കില്ല.

കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കു ഇവര്‍ ശീതികരിച്ച കാരവാന്‍ നല്‍കുന്നുണ്ട്. ഞങ്ങളും മനുഷ്യരാണ് , മലയാള സിനിമജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ കൂടി ചേര്‍ന്നതാണെന്ന് മനസിലാക്കണമെന്നും ഇവര്‍ ചങ്കുതകരുന്ന വേദനയോടെ പറയുന്നു. മലയാള സിനിമ, സിനിമ കാരവനിലെ ശീതികരിച്ച മുറിയില്‍ ഇരിക്കുന്ന സൂപ്പര്‍സ്റ്റാറുകളുടെതു മാത്രമല്ല ഞങ്ങളുടെതും കൂടിയാണ്. എന്നിട്ടും മനുഷ്യരെപ്പോലെയല്ല അവര്‍ ഞങ്ങളെ പരിഗണിക്കുന്നത്. സിനിമാ മേഖലയിലെ കളളപ്പണ ഇടപാട് ആരോപണങ്ങളും വിവാദമായിക്കൊണ്ടിരിക്കെ മനുഷ്യരെന്ന നിലയില്‍ യാതൊരു പരിഗണനയും നല്‍കാതെ തങ്ങളെ കൊടുംചൂഷണത്തിനും പീഡനത്തിനുമിരയാക്കുന്നുവെന്ന ആരോപണവുമായാണ് കണ്ണൂരില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ രംഗത്തെത്തിയത്.സിനിമയില്‍ തെക്ക്, വടക്ക് വിവേചനവും ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.

Signature-ad

കണ്ണൂര്‍, കാസര്‍ഗോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കു സിനിമാലൊക്കേഷനുകളില്‍ നിന്നുണ്ടാവുന്ന ദുരിതം അവസാനിപ്പിക്കണമെന്ന് സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റ് കൂട്ടായ്മ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനുഷ്യരെന്ന പരിഗണന പോലും നല്‍കാതെ വളരെ മോശമായാണ് സിനിമാലൊക്കേഷനുകളില്‍ തങ്ങളോട് പെരുമാറുന്നത്. പ്രമുഖരായ സംവിധായകന്‍മാര്‍വരെ ഇക്കൂട്ടത്തിലുണ്ട്. അടിമകളെപ്പോലെയാണ് ഇവര്‍ ഞങ്ങളെ കാണുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് ജൂനിയര്‍ ആര്‍ടിസ്റ്റുമായി പോകുന്നവര്‍ക്ക് അര്‍ഹതപ്പെട്ട യാതൊരു പരിഗണനയും കിട്ടാത്ത സാഹചര്യമാണുളളത്. ഇതിനെതിരെ സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റുകളുടെ സംഘടന രൂപീകരിച്ചു ശക്തമായ പ്രതിഷേധവുമായി മുന്‍പോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ഞൂറോളം ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ ഇതില്‍ അംഗങ്ങളായി ചേര്‍ക്കും. കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ക്ക് 1500-രൂപ പ്രതിദിന ബാറ്റ നല്‍കുമ്പോള്‍ വടക്കന്‍ മേഖലയിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അഞ്ഞൂറുരൂപ മാത്രമാണ് ലഭിക്കുന്നത്. നിര്‍മാതാക്കളില്‍ നിന്നും പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവില്‍ നിന്നും ആയിരത്തി അഞ്ഞൂറുരൂപവാങ്ങി ഇടനിലക്കാര്‍ പകുതിയിലേറെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. സെറ്റുകളില്‍ മൂന്നാംകിട ഭക്ഷണമാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നത്.

അതുതന്നെ കൃത്യമായി ലഭിക്കുന്നുമില്ല. താമസസൗകര്യം നല്‍കുന്ന കാര്യത്തില്‍ അവഗണിക്കുകയാണ്. ലൊക്കേഷനില്‍നിന്നും മാന്യമായ രീതിയില്‍ പെരുമാറാന്‍പോലും പലരും ജൂനിയര്‍ ആര്‍ടിസ്റ്റര്‍മാരോട് തയ്യാറാവുന്നില്ല. ദൂരെ സ്ഥലങ്ങളിലുളള ലൊക്കേഷനുകളില്‍ പോകുന്ന സ്ത്രീകള്‍ക്കുംകുട്ടികള്‍ക്കും പോലും താമസസൗകര്യമേര്‍പ്പെടുത്താന്‍ പോലും തയ്യാറാകുന്നില്ലെന്നും ജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ക്ക് വേതനം കിട്ടാത്തതിനെ കുറിച്ചു മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ചോദിച്ചത് പണത്തിനാണെങ്കില്‍ കല്ലുവെട്ടു തൊഴിലിന് പോയിക്കൂടെയെന്നാണെന്നും ഭാരവാഹികള്‍ വെളിപ്പെടുത്തി. ആര്‍ട്ടിസ്റ്റ് കൂട്ടായ്മ ഭാരവാഹികളായ സുധീഷ് കീഴുത്തളളി, രൂപേഷ് തൊടീക്കളം, എ.കെ ദേവദാസന്‍ എളയാവൂര്‍, തങ്കമണി കാസര്‍കോട്, പ്രദീപന്‍ പറശിനിക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Back to top button
error: