ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിനിടെയും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വന്‍ തോല്‍വി. വര്‍ഷങ്ങളായി താന്‍ പ്രതിനിധീകരിച്ച ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഷെട്ടാറിന് കാലിടറി.
മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ ഇത്തവണ തനിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെട്ടു.
ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെ നാടകീയനീക്കങ്ങള്‍ക്കൊടുവിലാണ് ഷെട്ടാര്‍ കോണ്‍ഗ്രസിലെത്തിയത്. ഇത്തവണ ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി. തന്നെ പരിഗണിക്കാതിരുന്നതാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയുമായ ഇടഞ്ഞ മുതിര്‍ന്ന നേതാവ് വൈകാതെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവിനെ ഇരുംകൈയും നീട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം വരവേറ്റത്. ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഷെട്ടാറിനെ പ്രഖ്യാപിക്കുകയും ചെയ്തു.
അഴിമതി നടത്താത്ത ആളായതിനാലാണ് ഷെട്ടാറിന് ബി.ജെ.പി. സീറ്റ് നിഷേധിച്ചതെന്നായിരുന്നു അദ്ദേഹത്തിനായി പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഷെട്ടാര്‍ 40 ശതമാനം കമ്മീഷന് വാങ്ങിയില്ല, അതിനാല്‍ അദ്ദേഹം ബി.ജെ.പി.യിലെ നേതാവാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം, ഷെട്ടാര്‍ പാര്‍ട്ടിവിട്ടത് ബി.ജെ.പി.യെ ഞെട്ടിച്ചെങ്കിലും അത് വലിയ നഷ്ടമുണ്ടാക്കില്ലെന്നായിരുന്നു അമിത് ഷാ അടക്കമുള്ളവരുടെ പ്രതികരണം. സീറ്റ് നിഷേധിച്ചെങ്കിലും മുതിര്‍ന്ന നേതാവായ ഷെട്ടാര്‍ പാര്‍ട്ടി വിടില്ലെന്നായിരുന്നു അവസാനനിമിഷം വരെ ബി.ജെ.പി. നേതാക്കള്‍ കരുതിയത്. പക്ഷേ, പാര്‍ട്ടിയെ ഞെട്ടിച്ച് ഷെട്ടാര്‍ പാര്‍ട്ടിവിടുകയും കോണ്‍ഗ്രസില്‍ ചേക്കേറുകയുമായിരുന്നു.
പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷെട്ടാറിനെതിരേ വന്‍പ്രചാരണമാണ് ബി.ജെ.പി. നടത്തിയത്. ലിംഗായത്ത് നേതാവിനെതിരേ പ്രചാരണം നയിക്കാന്‍ അതേ വിഭാഗത്തിലെ പ്രബലനായ ബി.എസ്.യെദ്യൂരപ്പ തന്നെ രംഗത്തെത്തി. ഹുബ്ബള്ളിയില്‍ ഷെട്ടാറിനെതിരേ അതിവൈകാരികമായാണ് യെദ്യൂരപ്പ പ്രസംഗിച്ചത്. ജഗദീഷ് ഷെട്ടാര്‍ വിജയിക്കില്ലെന്ന് താന്‍ ചോരകൊണ്ട് എഴുതിവെക്കാമെന്നും ബി.ജെ.പി.യെയും പാര്‍ട്ടിപ്രവര്‍ത്തകരെയും ഷെട്ടാര്‍ പിന്നില്‍നിന്ന് കുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി, മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികള്‍ വഹിച്ച ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി.യുടെ കര്‍ണാടകയിലെ മുതിര്‍ന്ന നേതാവായിരുന്നു. ലിംഗായത്ത് വിഭാഗത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഷെട്ടാര്‍, ബി.എസ്. യെദ്യൂരപ്പയുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞമൂന്നുതവണയും ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മികച്ചവിജയം നേടിയാണ് ഷെട്ടാര്‍ നിയമസഭയിലെത്തിയത്. 2018-ല്‍ 21,306 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിന്റെ വിജയം.