ഈ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ ശരിക്കുപറഞ്ഞാൽ രണ്ടെണ്ണമാണ്.ആദ്യത്തേത് അർഹിക്കുന്ന വേതനത്തിന്റെ അഭാവം.2018-ൽനടന്ന ദീർഘമായ സമരത്തിന്റെ അടിസ്ഥാനത്തിൽ നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.പക്ഷേ, ഇക്കഴിഞ്ഞ നാളുകളിലും തൃശ്ശൂർ ജില്ലയിലെ നഴ്സുമാർ ഈ തുച്ഛമായ വേതനം ലഭിക്കുന്നതിനുവേണ്ടി സമരത്തിനിറങ്ങേണ്ടിവന്നു.ഒരു അവിദഗ്ധതൊഴിലാളിക്ക് 900 രൂപ ദിവസവേതനമായി ലഭിക്കുന്ന സ്ഥലത്താണ് ഉയർന്ന വിദ്യാഭ്യാസയോഗ്യതയും മികച്ച തൊഴിൽനൈപുണ്യവുമുള്ള നഴ്സുമാരുടെ ഈ ദുരവസ്ഥ എന്നോർക്കണം !
ഇവിടെ മാസം വെറും 20,000 രൂപയ്ക്കുവേണ്ടി തെരുവിൽ സമരം ചെയ്യുന്ന ഒരു നഴ്സിന് അയർലൻഡ് പോലെയുള്ള ഒരു രാജ്യത്ത് ഒരാഴ്ചത്തെ ജോലിക്കുലഭിക്കുന്ന വേതനം ഒരുലക്ഷം രൂപയ്ക്കടുത്താണ്.അതും നിയമപ്രകാരമുള്ള ജോലിസമയത്തിന്. കൂടുതൽ ജോലിസമയത്തിന് അധികവേതനം വേറെയും.ഏറ്റവും പ്രധാനം കുടുംബത്തെ ഒപ്പംകൂട്ടാനുള്ള റെസിഡൻസി സൗകര്യമാണ്.
ഇത് വരുന്നതുകൊണ്ട് രണ്ടുകാര്യം ഉറപ്പാക്കാം.അവരുടെയും അടുത്ത തലമുറകളുടെയും ഒരു തിരിച്ചുവരവ് ഇനിയുണ്ടാകില്ല.രണ്ടാമതായി, വിദേശ നാണ്യത്തിന്റെ ഒഴുക്കും ഉണ്ടാവില്ല.ഇന്ത്യൻ ജി.ഡി.പി.യുടെ ഏകദേശം 3.1 ശതമാനം വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന നഴ്സുമാരുടെ സംഭാവനയാണെന്നത് മറക്കരുത്.ഇതിൽ ഭൂരിഭാഗവും എത്തുന്നത് കേരളത്തിലുമാണ്.
രണ്ടാമതായി, അവരർഹിക്കുന്ന ബഹുമാനവും അംഗീകാരവും ഒരു സമൂഹമെന്നനിലയിൽ നാം നൽകാത്തതാണ്.ഒരു ഡോക്ടർ നിശ്ചയിക്കുന്ന ചികിത്സാരീതിയും ക്രമങ്ങളും കൃത്യമായി നടപ്പാക്കുന്നത് നഴ്സുമാർതന്നെയാണ്.പക്ഷേ, ഒരു ഡോക്ടർക്ക് നമ്മുടെ സമൂഹംനൽകുന്ന ആദരത്തിന്റെയും അംഗീകാരത്തിന്റെയും നൂറിലൊന്നെങ്കിലും നമ്മൾ നഴ്സുമാർക്ക് നൽകുന്നുണ്ടോ എന്നു ചിന്തിക്കുക.
1950-കളിൽ ഇന്ത്യൻ സൈന്യത്തിലേക്ക് നഴ്സുമാരെ നിയമിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ ഒരു സുപ്രധാന തീരുമാനം നടപ്പാക്കി. തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് ഓഫീസർ റാങ്ക് നൽകുക എന്നത്. മറ്റു വിഭാഗങ്ങളിലെ സൈനിക ഉദ്യോഗസ്ഥർക്ക് തുല്യമായ റാങ്കും പദവിയും അവർക്കു നൽകി.ആ നടപടി നൽകിയ അഭിമാനബോധവും ആത്മവിശ്വാസവും കാരണം ഇന്ന് ലോകത്തെത്തന്നെ ഏറ്റവും മികച്ച നഴ്സിങ് വിഭാഗമായി അവർ നിലനിൽക്കുന്നു.