പത്തനംതിട്ട: കേരളത്തിന്റെ ഔദ്യോഗിക അടയാളങ്ങളാകാൻ ആറന്മുള കണ്ണാടിയും ചുണ്ടന് വള്ളവും ബേപ്പൂര്‍ ഉരുവും.
ആറന്മുള കണ്ണാടിയും ചുണ്ടന് വള്ളത്തിന്റെ മാതൃകയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയും ഉള്‍പ്പെടെ 15 ഇനങ്ങളാണു സംസ്ഥാനത്തിന്റെ ഔദ്യോഗിക അടയാളങ്ങളായി സുവനീറുകളാകുന്നത്.വിനോദസഞ്ചാര വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ് കേരളത്തിന്റെ ഔദ്യോഗിക സ്മരണികകളുടെ ശൃംഖലയൊരുക്കുന്നത്.
സംസ്ഥാനത്തെ വിവിധ കരകൗശല വസ്തുനിര്‍മാതാക്കളെ ചേര്‍ത്താണ് സുവനീര്‍ ശൃംഖല തയ്യാറാക്കുന്നത്. നാടിന്റെ ചരിത്രം, സംസ്കാരം, കല, ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവ തെരഞ്ഞെടുക്കുന്നത്. ആറന്മുള കണ്ണാടി പോലെ വലിപ്പം കുറഞ്ഞവ അതേ രൂപത്തിലും, വലിപ്പമുള്ളവയെ ചെറു മാതൃകകളാക്കിയും, ചിലതിനെ ശില്‍പ്പ രൂപത്തിലാക്കിയുമാണ് സുവനീര്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുക.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുവനീര്‍ വില്‍പ്പനശാലകള്‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കും. ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കാനാകുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രതീക്ഷ. സുവനീര്‍ ശൃംഖലയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മേയ് 18ന് നിര്‍വഹിക്കും.