KeralaNEWS

സർവകലാശാലകൾക്കുള്ള സർക്കാരിൻ്റെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹം: കെ.എസ്.യു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്കുള്ള സർക്കാരിന്റെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹമെന്ന് കെ.എസ്‌.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിമാസശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നായതിനാൽ ഗ്രാന്റ് ഗഡു റദ്ദാക്കിയത് ശമ്പളവിതരണത്തെയും പെൻഷനെയും ദോഷകരമായി ബാധിക്കും. സർവ്വകലാശാലകളുടെ സ്ഥിര നിക്ഷേപം പിൻവലിച്ചോ, യുജിസി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടിൽ നിന്നോ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റോ എടുത്തോ ശമ്പളവും പെൻഷനും നൽകാനും ഗ്രാന്റ് ഗഡു അടുത്ത വർഷത്തെ ഗ്രാന്റ് വിഹിതത്തിൽപെടുത്തി നൽകുമെന്നുമായിരുന്നു സർക്കാരിന്റെ ഉറപ്പ് പാഴ് വാക്കായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

അതേ സമയം സ്‌റ്റേറ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സർവ്വകലാശാല ഫണ്ട്‌ അടിയന്തരമായി സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റികൾ നടപ്പാക്കിയതോടെ ഗവേഷണ പ്രൊജക്റ്റുകൾക്ക് യുജിസി അനുവദിച്ചു തുക പോലും യഥാസമയം പിൻവലിക്കാനാവുന്നില്ലെന്ന പരാതി പ്രൊജക്റ്റ്‌ ഡയറക്ടർക്ക്‌മാർക്കുണ്ട്. ഇത് ഗവേഷണ മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ഗ്രാന്റ്ഗഡു റദ്ദാക്കിയത് സർവ്വകലാശാലകളുടെ ആക്കാദമിക് പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.ഇത് വിദ്യാർത്ഥി സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും അലോഷ്യസ് സേവ്യർ ചൂണ്ടികാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഇത്തരം തീരുമാനങ്ങൾ വഴിയൊരുക്കുമെന്നും, വിഷയത്തിൽ ശക്തമായി പ്രതിഷേധം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

Back to top button
error: