കോട്ടയം: യുവഡോക്ടറും കെ.എസ്.യു മെഡിക്കോസ് വിംഗ് മുൻ കൺവീനറുമായിരുന്ന ഡോ. വന്ദനാ ദാസിന് കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അന്തിമോപചാരം അർപ്പിച്ചു. ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ ഇരയായാണ് വന്ദനക്ക് സ്വജീവൻ പൊലിയേണ്ടി വന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ, സംഭവത്തിൽ രൂക്ഷ വിമർശനം തുടരുകയായിരുന്നു ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.