CrimeNEWS

ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തില്‍ പട്ടാപ്പകല്‍ വീടുകയറി ആക്രമണം; ഗൃഹനാഥനും വയോധികയ്ക്കും പരുക്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ലഹരി മാഫിയ സംഘം പട്ടാപ്പകല്‍ ഗൃഹനാഥനെയും വയോധികയായ ബന്ധുവിനെയും വീട്ടില്‍ കയറി ആക്രമിച്ചു. കണ്ടല സ്റ്റേഡിയത്തിനു സമീപം അല്‍നൂര്‍ വീട്ടില്‍ റഹിം(50), റഹീമിന്റെ കൊച്ചുമ്മ സൈനബ(63) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത സംഘം ഗേറ്റ് വെട്ടുകത്തി കൊണ്ട് വെട്ടി പൊളിച്ചു. മാറനല്ലൂര്‍ പൊലീസ് കാപ്പ ചുമത്താന്‍ ശിപാര്‍ശ നല്‍കിയ കൊടുംക്രിമിനല്‍ കരിങ്ങല്‍ സ്വദേശി ഡാനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. മത്സ്യ വില്‍പനക്കാരനായ റഹിമിനെ ആയുധങ്ങളുമായി സ്‌കൂട്ടറിലെത്തിയ സംഘം വീടിനു മുന്നിലെത്തി വിളിച്ചിറക്കി.

അസഭ്യം വിളിച്ചു കൊണ്ട് അക്രമികള്‍ കയ്യില്‍ കരുതിയ തടി കൊണ്ട് തലയ്ക്ക് അടിച്ചു. സംഭവം കണ്ട് പുറത്ത് വന്ന സൈനബയെ തള്ളി താഴെയിട്ടു. വീടിനു മുന്നിലെ ജനാല ചില്ലുകള്‍ തല്ലി തകര്‍ത്തു. വീടിനു മുന്നിലെ ഗേറ്റില്‍ വാളുകൊണ്ട് വെട്ടി മെറ്റല്‍ ഷീറ്റ് കീറി. തലയ്ക്ക് പരുക്കേറ്റ റഹിം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 2 ആഴ്ച മുന്‍പാണ് ആക്രമണ കേസില്‍ ജയിലില്‍ കഴിഞ്ഞ ഡാനി പുറത്തിറങ്ങിയത്. ഇതിനു ശേഷം ഇവിടെ എത്തി ഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11ന് സംഘം വീടിനു മുന്നിലെത്തി നിരീക്ഷിച്ചതായും വീട്ടുകാര്‍ പറയുന്നു.

Signature-ad

കണ്ടല സ്റ്റേഡിയമാണു ലഹരി സംഘത്തിന്റെ താവളമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി വീടിനു സമീപം വന്ന് ഉച്ചത്തില്‍ അസഭ്യം വിളിക്കുന്നത് നേരത്തെ റഹിം വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. സംഘത്തിലെ പ്രധാനിയായ ഡാനിക്ക് എതിരെ കാപ്പ ചുമത്താന്‍ പോലീസ് 2 മാസം മുന്‍പേ ശിപാര്‍ശ നല്‍കിയെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ആക്രമണം. പ്രദേശത്ത് സ്ഥിരം അക്രമങ്ങള്‍ അഴിച്ചുവിടുന്ന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Back to top button
error: