Movie

സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ രണ്ടു ചിത്രങ്ങൾ, ‘സന്ദർഭം’, ‘പിരിയില്ല നാം’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 39 വർഷം

സിനിമ ഓർമ്മ
സുനിൽ കെ. ചെറിയാൻ

    ഒരേ ദിവസം ഒരേ സംവിധായകന്റെ രണ്ട് ചിത്രങ്ങൾ റിലീസ് എന്ന അപൂർവത മാത്രമല്ല ജോഷിയുടെ ക്രെഡിറ്റ്. രണ്ട് ചിത്രങ്ങൾക്കും ഒരേ പ്രമേയം കൂടിയാണ്; ദാമ്പത്യത്തിലെ തെറ്റിദ്ധാരണ. 1984 മെയ് 11ന് പ്രദർശനത്തിനെത്തിയ ജോഷിയുടെ ‘സന്ദർഭം’, ‘പിരിയില്ല നാം’ എന്നീ ചിത്രങ്ങളിൽ, മുൻപ് സന്തോഷത്തിൽ ജീവിക്കുകയും പിന്നീട് തെറ്റിദ്ധാരണയുടെ പേരിൽ വേർപിരിയുകയും ചെയ്യുന്ന ദമ്പതികളെ കാണാം. പരസ്‌പരം ഉള്ള് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ ദാസത്യ പ്രശ്നമായി  കലാശിച്ചത്.

Signature-ad

ഭർത്താവിന് (നസീർ) മറ്റൊരു സ്ത്രീയിൽ കുട്ടിയുണ്ടെന്ന ഏഷണിക്കാരന്റെ (ജോസ്പ്രകാശ്) അപവാദം മൂലം ബന്ധം ഉലഞ്ഞ ലക്ഷ്‌മിയാണ് (ലക്ഷ്‌മി) ‘പിരിയില്ല നാം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിൻ ഹനീഫയുടെ കഥ. ആലപ്പി ഷെറീഫിന്റെ തിരക്കഥ. പൂവച്ചൽ ഖാദർ-കെവി മഹാദേവൻ ടീമിന്റെ ഹൃദ്യമായ പാട്ടുകൾ.

മക്കൾ (ശ്രീനാഥ്, രോഹിണി) വലുതാകുന്നത് വരെ ലക്ഷ്‌മിയോടൊപ്പമാണ്. നസീറിന്റെ കൂടെ മറ്റൊരു വീട്ടിൽ മകനായി ശങ്കറുണ്ട്. നസീറിന്റെ ശത്രു ജോസ്പ്രകാശ്, ലക്ഷ്‌മിയുടെ ബിസിനസ്സിൽ വിശ്വസ്തനാണ്.  ജോസ്പ്രകാശിന്റെ മകളും ശ്രീനാഥും ‘ഒരു കുടം കുളിരും ഒരു കുടം തേനും’ നുകർന്ന് പ്രണയത്തിൽ. അതൊരു പ്രണയച്ചതിയാണ്. ശത്രുവിന്റെ മകനെ ചീത്തയാക്കുവാൻ മകളെ ഉപയോഗിച്ച ചതി. ഇതിനിടയിൽ നസീർ-ലക്ഷ്‌മി ദമ്പതിമാരുടെ മകൾ രോഹിണിക്ക് കല്യാണമായപ്പോൾ ജോസ്പ്രകാശ് മകളെ തട്ടിക്കൊണ്ടു പോകുന്നു. അപ്പോഴാണ് ലക്ഷ്‌മി അറിയുന്നത് പണ്ട് നസീറിന്റെ സുഹൃദ് ദമ്പതികൾ മരിച്ചപ്പോൾ അവരുടെ മകന്റെ (ശങ്കർ) ഉത്തരവാദിത്തം നസീർ ഏറ്റെടുക്കുകയായിരുന്നു എന്ന്.

‘കസ്‌തൂരി മാനിന്റെ തോഴി,’ ‘ മുന്നാഴി മുത്തുമായി,’ ‘ഒരു കുടം കുളിരും’ എന്നീ ഗാനങ്ങൾ ഹിറ്റായി. ‘കക്ക’യിലെ സൂപ്പർഹിറ്റ് പാട്ടുകൾക്ക് ശേഷം മഹാദേവൻ ഈണം നൽകിയ ചിത്രമാണ് പിരിയില്ല നാം. ഇതിന്റെ നിർമ്മാതാക്കൾ തൊട്ടടുത്ത വർഷം ‘മുത്താരംകുന്ന് പിഒ’ നിർമ്മിച്ചു.

‘സന്ദർഭം’ നിർമ്മിച്ചത് ജൂബിലി ജോയ് തോമസ്. അതിന്റെ കഥയിലും കൊച്ചിൻ ഹനീഫയുടെ പങ്കുണ്ടായിരുന്നു. കലൂർ ഡെന്നീസ് തിരക്കഥയെഴുതി. സിനിമയോടൊപ്പം പൂവച്ചൽ- ജോൺസൺ ടീമിന്റെ  ഗാനങ്ങളും ഹിറ്റായി.

Back to top button
error: