മുംബൈ: മഹാരാഷ്ട്രയില് ഓരോദിവസവും ശരാശരി 70 പെണ്‍കുട്ടികളെ കാണാതാവുന്നുണ്ടെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രുപാലി ചകാങ്കര്‍.
ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ 5,510 പെണ്‍കുട്ടികളെയാണ് മഹാരാഷ്ട്രയില്‍നിന്ന് കാണാതായതെന്നും പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓരോമാസം കഴിയുന്തോറും കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുകയാണ്. ജനുവരിയില്‍ 1,600 പെണ്‍കുട്ടികളെയാണ് കാണാതായത്. ഫെബ്രുവരിയില്‍ ഇത് 1,810 ആയി. മാര്‍ച്ചിലാകട്ടെ 2,200 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇത് ഭീതിപ്പെടുത്തുന്ന കണക്കാണ്. പെണ്‍കുട്ടികളെ കാണാതാവുന്നതില്‍ മഹാരാഷ്ട്രയാണ് നിലവില്‍ ഏറ്റവുംമുന്നില്‍. 2020 മുതല്‍ ഇതാണവസ്ഥ. വിവാഹം, ജോലി എന്നിവ വാഗ്‌ദാനചെയ്തും പ്രേമംനടിച്ചുമാണ് പല പെണ്‍കുട്ടികളെയും കടത്തുന്നത്. ഇത്തരം പെണ്‍കുട്ടികളില്‍ നല്ലൊരുശതമാനവും പീഡനത്തിനിരയാവുന്നു. വിഷയത്തില്‍ ആഭ്യന്തരവകുപ്പ് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും രുപാലി ചകാങ്കര്‍ ആവശ്യപ്പെട്ടു.