KeralaNEWS

അന്ത്യയാത്രയിലും പിരിയാതെ, 11 പേരെയും കബറടക്കിയതും ഒരുമിച്ച്; ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍

മലപ്പുറം: താനൂരില്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ 11 പേരെയും കബറടക്കിയത് ഒരുമിച്ച്. പുത്തന്‍ കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ആണ് ഇവര്‍ക്കുള്ള കബറുകള്‍ ഒരുക്കിയത്. ഇതിനായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതില്‍ വ്യത്യസ്ത അറകള്‍ തീര്‍ത്താണ് ഇവരെ എല്ലാവരെയും ഒരുമിച്ച് കബറടക്കിയത്.

പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തിലെ 11 പേര്‍ക്കാണ് താനൂര്‍ ബോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. സൈതലവിയും സഹോദരനും മാത്രം ഉല്ലാസയാത്രയ്ക്ക് പോയിരുന്നില്ല. ബാക്കി എല്ലാവരും ഉല്ലാസയാത്രയ്ക്ക് പോയിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു രാത്രി അവസാനിപ്പിച്ചപ്പോഴേക്കും സൈതലവിക്ക് കുടുംബത്തെ മുഴുവനായി നഷ്ടപ്പെട്ടിരിക്കുകയാണ്.

Signature-ad

ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് കബര്‍ സ്ഥാനിലേക്ക് കൊണ്ടുപോയത്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അന്ത്യവിശ്രമം കൊള്ളാനുള്ള ഇടം ഒരുമിച്ചാണ് പുത്തന്‍ കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഒരുക്കിയത്. ബോട്ടപകടത്തില്‍ മരിച്ച പന്ത്രണ്ട് പേരില്‍ 9 പേരും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്നുപേര്‍ മറ്റൊരു വീട്ടിലാണ്.

വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച 11 പേരെയും അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും ഇവിടേക്ക് എത്തിയിരുന്നു. നമസ്‌കാരം ഉള്‍പ്പെടെയുള്ള മതാചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് കബറടക്കം.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

 

 

Back to top button
error: