നല്ല മധുരമുള്ള ഓറഞ്ചാണ് നാഗ്പൂർ ഓറഞ്ച്.നമ്മുടെ കാലാവസ്ഥയിൽ നന്നായി കായ്ക്കുന്ന ഒന്നും.നല്ല വലിപ്പമുള്ള പഴങ്ങളാണ് നാഗ്പൂർ ഓറഞ്ചിന്റെ പ്രത്യേകത.മഹാരാഷ്ട്രയിലെ നാഗ്പുരിന് ‘ ഓറഞ്ച് സിറ്റി ‘എന്ന് പേര് വരാനുള്ള കാരണവും ഈ ഓറഞ്ച് തന്നെയാണ്.
60 സെന്റീമീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് ഓറഞ്ച് തൈകൾ നടാം.നടുമ്പോൾ മണ്ണിന്റെ മുകൾഭാഗത്ത് 250 ഗ്രാം എല്ലുപൊടിയോ റോക്ക് ഫോസ്ഫേറ്റോ മൂന്നു മുതൽ അഞ്ച് കിലോഗ്രാം ചാണകം ഉണക്കിയതുമായി ചേർത്ത് തൂവി കൊടുക്കാം..ഒരുവർഷം.1/2 മുതൽ ഒരു കിലോഗ്രാം വരെ നൈട്രജൻ വളം നൽകാം.ചെടി ആദ്യ രണ്ടു മാസങ്ങളിൽ ജൈവവളം മാത്രം നൽകി വളർത്താം മൂന്നു മാസങ്ങൾക്ക് ശേഷം ചെറിയതോതിൽ രാസവളം നൽകാം.
മഴക്കാലത്തിനു മുമ്പ് ശാഖകളിൽ എല്ലാം ഒരുപോലെ സൂര്യപ്രകാശം എത്തിച്ചേരുന്നത് പോലെ ചെറിയ തോതിൽ മാത്രം പ്രൂണിങ് നൽകാം. ഇലകൾ അമിതമായി പ്രൂൺ ചെയ്യരുത്. വരണ്ട കാലാവസ്ഥയിൽ നന്നായി നനക്കാം.എന്നാൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല.മഴക്കാലത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
വേനൽക്കാലത്ത് പുത ഇട്ടു നൽകണം.മൂന്നാം കൊല്ലം ആകുമ്പോഴേക്കും ചെടി പൂവിടാൻ തുടങ്ങും.സൂര്യപ്രകാശം നല്ലപോലെ കിട്ടുന്നയിടത്ത് നടുന്ന ചെടികൾ 10 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്. ഓറഞ്ച് ചെടികൾ തമ്മിൽ 4.5-6 മീറ്റർ അകലം വെച്ചു നട്ടാൽ ഒരു ഹെക്ടറിൽ 350-430 ഓളം ചെടികൾ നടാം.ഒന്നോരണ്ടോ മാത്രമാണ് നടന്നതെങ്കിൽ മറ്റു ചെടികളുമായി 3 മീറ്റർ അകലം മതി.
വിത്ത് മുളപ്പിച്ച തൈകളും നടാനുപയോഗിക്കാം.വിളഞ്ഞു പാകമായ പഴങ്ങളിൽ നിന്നും കുരുവെടുത്ത് കഴുകി ഉണക്കിയ ശേഷം നടാം. നിലനിരപ്പിൽ നിന്നും 15 സെ.മീറ്റർ ഉയരത്തിലെടുത്ത തവാരണകളിൽ വിത്ത് പാകാം. വരികൾ തമ്മിൽ 15 സെ.മീറ്ററും ചെടികൾ തമ്മിൽ 5 സെ.മീറ്ററും അകലം വരത്തക്കവിധത്തിൽ വേണം വിത്ത് പാകാൻ. മുളച്ച് കഴിഞ്ഞാൽ അധികമുളള തൈകൾ പറിച്ചു മാറ്റണം.
600 തരം ഓറഞ്ചുകൾ ഉണ്ടെങ്കിലും നമ്മുടെ ക്ലൈമറ്റിന് ഏറെ നല്ലത് നാഗ്പൂർ ഓറഞ്ചാണ്.ഓഗസ്റ്റ് 2014 മുതൽ ഭൗമസൂചികാ പട്ടികയിൽ നാഗ്പൂർ ഓറഞ്ചുമുണ്ട്.
നാഗ്പൂർ ഓറഞ്ചിന് വെയിൽ ഉള്ള സ്ഥലമാണ് നല്ലത്.ഈ ഓറഞ്ചിന് പുറംതൊലി പരുക്കനാണ്.ഓരോ ഓറഞ്ചും രണ്ടര ഇഞ്ച് വലിപ്പം കാണും.
പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും മിനറലുകളും നാരുകളുടെയും കലോറിയുടെയും ഉറവിടമാണ് ഓറഞ്ച്.ഒരു ഓറഞ്ചിൽ 60കലോറി ആണ് ഉള്ളത്.നമ്മുടെ തലച്ചോറ്, സ്കിന് ഉദരം, മുടി, പാൻക്രിയാസ് പ്രതിരോധ വ്യവസ്ഥ എന്നിവയ്ക്ക് ഓറഞ്ച് കഴിക്കുന്നത് ഏറെ നല്ലതാണ്.കാൻസർ പ്രതിരോധിക്കാനും ഓറഞ്ച് നല്ലതാണ്.
കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് ഓറഞ്ച്. നിരവധി ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഓറഞ്ചിൽ വിറ്റാമിൻ സി, ഡയറ്റി നാരുകൾ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.. ഓറഞ്ചിന് നിറം നൽകുന്ന ബീറ്റാ കരോട്ടിൻ ഈ പഴത്തിൽ 0.175 മില്ലിഗ്രാം ഉണ്ട്. കൂടാതെ വിറ്റാമിൻ എ, ബി വർഗത്തിലെ തയാമിൻ, റൈബോഫ്ളേവിൻ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.