KeralaNEWS

കേരളത്തിലേക്ക് സംഘപരിവാറിനെ വരവേല്‍ക്കാന്‍ പരവതാനി വിരിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് മണിപ്പൂർ: കാസിം ഇരിക്കൂർ

ണിപ്പൂരിൽ ഭൂരിപക്ഷ മെയ്തേയ് വിഭാഗം ക്രൈസ്തവ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.
നിഷ്ഠൂരമായ ആക്രമണങ്ങളില്‍ 17 വിശ്വാസികള്‍ കൊല്ലപ്പെടുകയും ഒട്ടനവധി ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയും പതിനായിരങ്ങളുടെ കൂട്ടപലായനത്തിന് വഴിവെക്കുകയും ചെയ്ത കലാപം കേരളത്തിലേക്ക് സംഘപരിവാറിനെ വരവേല്‍ക്കാന്‍ പരവതാനി വിരിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നോക്ക ഗോത്രവര്‍ഗക്കാര്‍ക്ക് മാത്രം അര്‍ഹതപ്പെട്ട സംവരണം രാഷ്ട്രീയ -സാമൂഹിക രംഗത്ത് ആധിപത്യമുള്ള ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാനുള്ള ബിജെ.പി സര്‍ക്കാരുകളുടെ നീക്കമാണ് ഗോത്രമേഖലയില്‍ രോഷം വിളിച്ചുവരുത്തിയതും കലാപത്തിലേക്ക് വഴുതിമാറിയതും.ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ക്രൈസ്തവ വിശ്വാസികള്‍ സുരക്ഷിതരാണെന്നും കേരളത്തിലേക്ക് കാവിരാഷ്ട്രീയത്തിെന്‍റെ വരവില്‍ ആശങ്ക വേണ്ടെന്നും പരസ്യമായി പ്രസ്താവന നടത്തിയ മതമേലധ്യക്ഷന്മാരായ ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളീയര്‍ക്ക് താല്‍പര്യമുണ്ടെന്നും കാസിം ഇരിക്കൂര്‍ ചോദിച്ചു.
മണിപ്പൂര്‍ ഒരു പാഠമാണ്.അവിടെ ന്യൂനപക്ഷങ്ങള്‍ 41 ശതമാനമുണ്ടായിട്ടും വര്‍ഗീയശക്തികളുടെ കുടിലതക്ക് മുന്നില്‍ ജീവന്‍ നല്‍കുകയോ പ്രാണനും കൊണ്ടോടി രക്ഷപ്പെടുകയോ മാത്രമാണ് പോംവഴി. കോണ്‍ഗ്രസില്‍നിന്ന് ഭരണം തട്ടിയെടുക്കാന്‍ ഒരു വിഭാഗം ക്രൈസ്തവരുടെ ഒത്താശയോടെ സംഘപരിവാര്‍ വിതച്ച വിദ്വേഷ പ്രത്യയശാസ്ത്രമാണ് ഇന്ന് മണിപ്പൂരിനെ വര്‍ഗീയതയുടെ അഗ്നിഗോളമാക്കി മാറ്റിയതെന്ന യാഥാര്‍ഥ്യം എന്നും ഓര്‍മയിലുണ്ടാവണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

Back to top button
error: