ഉപദ്രവിച്ചവരെ ദ്രോഹിക്കരുത്, അവരെ അനുഗ്രഹിക്കണം
വെളിച്ചം
ഒറീസയിലെ ശുഹദേവി റാണിയുടെ ഭർത്താവ് യുദ്ധത്തിൽ വധിക്കപ്പെട്ടു. വിധവയായ അവർ അധികാരം ഏറ്റെടുത്ത് ശത്രുവിനെതിരെ പട നയിച്ചു. താമസിയാതെ എതിർ സൈന്യത്തെ തോൽപ്പിച്ച് ഗണജ്യോതി രാജാവിനെ തടവിലാക്കുകയും ചെയ്തു.
അവരുടെ ഭർത്താവിനെ കൊന്നത് കാരണം റാണി തനിക്ക് വധശിക്ഷ നൽകുമെന്ന് രാജാവിന് ഉറപ്പുണ്ടായിരുന്നു.
യുദ്ധം ജയിച്ച റാണി ശത്രു രാജാവിനെ പാർപ്പിച്ചിരിക്കുന്ന തടവറയ്ക്കു സമീപം എത്തി. അനുചരന്മാരോട് അവർ കൽപ്പിച്ചു:
” ഇദ്ദേഹത്തെ ഉടൻ സ്വതന്ത്രനാക്കുക…” ഗണജ്യോതി രാജാവിന്റെ മുഖത്തുനോക്കി റാണി തുടർന്നു:
” താങ്കൾക്ക് സ്വരാജ്യത്തേക്ക് മടങ്ങാം…”
രാജാവിന് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ചോദിച്ചു:
“മഹാറാണി, അവിടുന്ന് എന്തുകൊണ്ട് പ്രതികാരം ചെയ്യുന്നില്ല നിങ്ങളുടെ ഭർത്താവിനെ വധിച്ചവനാണ് ഞാൻ…”
തികട്ടിവന്ന വേദന കടിച്ചമർത്തി ശുഹദേവി റാണി പറഞ്ഞു:
“താങ്കളെ ഞാൻ വധിച്ചാൽ അവിടെ ഒരു രാഞ്ജി വിധവയാകും. അത് ഞാൻ ആഗ്രഹിക്കുന്നില്ല ഓരോ രാജ്യവും കീഴടങ്ങുമ്പോൾ ഇക്കാര്യം മറക്കാതിരിക്കുക…”
കുറ്റബോധത്താൽ ശിരസ്സുകുനിച്ചു നിന്ന രാജാവിനോട് റാണി പറഞ്ഞു:
“പ്രഹ്ലാദനോട് വരം ആവശ്യപ്പെടുവാൻ ഭഗവാൻ കൽപ്പിച്ചു. തനിക്ക് ഒന്നും വേണ്ട എന്നാണ് പ്രഹ്ലാദൻ മറുപടി നൽകിയത്. പക്ഷേ വരം സ്വീകരിക്കണമെന്ന് ഭഗവാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം അഭ്യർത്ഥിച്ചു: പ്രഭു, എന്നെ ഉപദ്രവിച്ചിട്ടുള്ള ആർക്കും ഒരിക്കലും ഒരു ദോഷവും വരുത്തരുത്…”
നമ്മളെ പീഡിപ്പിക്കുന്നവരെ നാം അനുഗ്രഹിക്കണം അല്ലാതെ അവരെ ശപിക്കരുത്.
സൂര്യനാരായണൻ
ചിത്രം- നിപു കുമാർ