പികെ ജോസഫ് സംവിധാനം ചെയ്ത 2 ചിത്രങ്ങൾ, ‘ഒരു മുഖം പല മുഖ’വും ‘എന്റെ കഥ’യും വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 40 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഒരേ ദിവസം ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് എന്ന അപൂർവത 1983 മെയ് 6 നുണ്ട്. പി.കെ ജോസഫ് എന്ന സംവിധായകന്റെ ‘ഒരു മുഖം പല മുഖം’, ‘എന്റെ കഥ’ എന്നീ ചിത്രങ്ങൾ 40 വർഷം മുൻപ് ഇന്നേ ദിവസമാണ് ഒരുമിച്ച് പ്രദർശനത്തിനെത്തിയത്. രണ്ട് ചിത്രങ്ങളിലും രതീഷും, മോഹൻലാലും മമ്മൂട്ടിയും, ഉണ്ണിമേരിയുമുണ്ടായിരുന്നു. ഇരുചിത്രങ്ങളുടെയും ഗാനവിഭാഗം ചെയ്തത് പൂവച്ചൽ ഖാദറും എ.റ്റി ഉമ്മറുമാണ്.
‘ഒരു മുഖം പല മുഖം’ ഫാമിലി ഡ്രാമയാണ്. സ്വന്തം കുഞ്ഞിനെ സമ്പന്നവീട്ടിലും സമ്പന്ന കുഞ്ഞിനെ സ്വന്തം മകനായും വളർത്തുന്ന സുഭദ്ര തങ്കച്ചി (ശ്രീവിദ്യ) ഒടുവിൽ തെറ്റ് തിരുത്തി മരണത്തിന് കീഴടങ്ങുന്നതാണ് കഥ. സ്വത്തവകാശത്തിന് വേണ്ടി ജ്യേഷ്ഠന്റെ മകനെ കൊല്ലാൻ ഒത്താശ ചെയ്യുകയും അനന്തരാവകാശിയായ കുഞ്ഞിനേയും തന്റെ കുഞ്ഞിനേയും തമ്മിൽ മാറ്റുന്ന സ്ത്രീയാണ് സുഭദ്ര. വളർത്തുമകൻ (രതീഷ്) താൻ വാസ്തവത്തിൽ സമ്പന്നനായ തമ്പിയുടെ (മമ്മൂട്ടി) മകനാണെന്നും, തന്റെ സ്വന്തം വീട്ടിൽ ധനികപുത്രനായി വളരുന്ന സുകുമാരൻ (മോഹൻലാൽ) തന്റെ വളർത്തമ്മയുടെ മകനാണെന്നും അറിയുന്നു. അയാൾ വളർത്തമ്മയോട് പ്രതികാരം ചെയ്യാനുറച്ചു. തെറ്റു തിരുത്തലുകളുടെ ഘട്ടത്തിൽ സുഭദ്രാമ്മയ്ക്ക് ജീവിതം തന്നെ നഷ്ടപ്പെടുകയാണ്.
മണിമാരൻ എഴുതിയ കഥയ്ക്ക് ആലപ്പി ഷെറീഫാണ് തിരക്കഥയെഴുതിയത്. ഗാനങ്ങളിൽ ‘ഒരു സ്നേഹവാരിധി പോലെ’, ‘തൂമഞ്ഞിൻ തൂവൽ വീശി’ ഇവ ശ്രദ്ധിക്കപ്പെട്ടു.
‘എന്റെ കഥ’ നിർമ്മിച്ചത് റീന എം ജോൺ എന്ന നടിയും കുടുംബവുമാണ്. റീനയുടെ അമ്മ സഹനിർമ്മാതാവ് കൂടിയായ ജെസ്സി റെക്സിനായുടെ കഥയ്ക്ക് ഡോക്ടർ പവിത്രനാണ് തിരക്കഥയെഴുതിയത്. ഗാനങ്ങളിൽ ‘വാചാലബിംബങ്ങളേ രാഗാർദ്ര ശില്പങ്ങളേ’ ശ്രദ്ധേയം.
ഉഷ എന്ന നർത്തകിയോട് (റീന) ബാബു എന്ന യുവാവിന് (മമ്മൂട്ടി) തോന്നുന്ന ആരാധന പക്ഷേ വിവാഹത്തിൽ കലാശിച്ചില്ല. ബാബുവിന്റെ അമ്മ (സുകുമാരി) സഹോദര പുത്രിയെ ഭാവിവധുവാക്കി വാക്ക് കൊടുത്തിരുന്നു. മുറപ്പെണ്ണുമായുള്ള (ഉണ്ണിമേരി) ബാബുവിന്റ കല്യാണം കഴിഞ്ഞു. മുറപ്പെണ്ണിന് മറ്റൊരു കാമുകൻ (രതീഷ്) ഉണ്ടായിരുന്നു. മറ്റൊരു പ്രധാന കാര്യമാണ് ഉഷയ്ക്ക് മറ്റൊരു ആരാധകൻ (നസീർ) കൂടിയുണ്ട് എന്നത്. നസീർ-റീന പ്രണയം തളിർക്കേ പഴയ മമ്മൂട്ടി റീനയെ കാണാനെത്തി. ആദ്യരാത്രി തന്നെ മരുമകൾ ഗർഭിണിയാണെന്നറിഞ്ഞ് കുഴഞ്ഞ് വീണ് മരിച്ച അമ്മയെക്കുറിച്ച് (സുകുമാരി) മമ്മൂട്ടി അവളോടു പറഞ്ഞു.
ഉണ്ണിമേരി വഞ്ചിച്ച മമ്മൂട്ടിയെ റീനയ്ക്ക് കല്യാണം കഴിക്കാമല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ സുഹൃത്ത് മോഹൻലാലിന്റെ ചിന്ത. പക്ഷെ റീന-നസീർ വിവാഹം ഉറപ്പിച്ചിരിക്കുകയാണല്ലോ. അങ്ങനെ വിട്ടാൽ പറ്റില്ല; അവളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ലാൽ അവളെ പ്രാപിക്കാൻ തുനിഞ്ഞതും മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതും ലാൽ-മമ്മൂട്ടി സംഘടനവും ഒടുവിൽ മമ്മൂട്ടി വീണതും, ഓടിയ ലാലിനെ നസീർ ഓടിച്ചിട്ടിടിക്കുന്നതും, തുടർന്ന് നസീർ അപകടത്തിൽ മരിക്കുന്നതും ഒടുവിൽ റീനയും മരിക്കുന്നതോടെ ‘എന്റെ കഥ’യ്ക്ക് വിരാമമായി.
കഥയെഴുതിയ ജെസ്സി റെക്സീന പിന്നീട് കഥയെഴുതിയതായോ ചിത്രങ്ങൾ നിർമ്മിച്ചതായോ കേട്ടറിവില്ല.