IndiaNEWS

ക്രിക്കറ്റ് ലോകകപ്പ് വേദി: തിരുവനന്തപുരവും പരിഗണനയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം. ഐ.സി.സിക്ക് ബി.സി.സി.ഐ സമര്‍പ്പിച്ച 15 സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടം നേടി.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.

Signature-ad

ലോകകപ്പിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്കെല്ലാം അഹമ്മദാബാദ് തന്നെ വേദിയായേക്കും. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളും എന്നതാണ് അഹമ്മദാബാദിനെ മറ്റ് സ്റ്റേഡിയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അഹമ്മദാബാദിനും തിരുവനന്തപുരത്തിനും പുറമേ നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ലഖ്നൗ, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ധരംശാല തുടങ്ങിയ സ്റ്റേഡിയങ്ങളും ലിസ്റ്റിലുണ്ട്.

ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവസാനമായി ഇന്ത്യയില്‍ 2011-ലാണ് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. ഇംഗ്ലണ്ടാണ് നിലവിലെ ലോകകപ്പ് ജേതാക്കള്‍.

Back to top button
error: